പി.പി.ചെറിയാന്‍
വാഷിങ്ടൻ ഡിസി ∙ സാമ്പത്തിക ശാസ്ത്രജ്ഞയും പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പബ്ലിക് ആന്റ് ഇന്റർ നാഷനൽ അഫയേഴ്സ് ഡീനുമായ സിസിലിയ റൗസിനെ എക്കണോമിക് അഡ്‍വൈസേഴ്സ് കൗൺസിൽ അധ്യക്ഷയായി നിയുക്ത പ്രസിഡന്റ് ജൊ ബൈഡൻ ഡിസംബർ 1ന് ചൊവ്വാഴ്ച നോമിനേറ്റ് ചെയ്തു.

യുഎസ് സെനറ്റ് ഇവരുടെ നിയമനം അംഗീരിക്കുകയാണെങ്കിൽ ഈ സ്ഥാനം വഹിക്കുന്ന അമേരിക്കയിലെ ആദ്യ ആഫ്രിക്കൻ അമേരിക്കൻ വനിതയായിരിക്കും സിസിലിയ. കൗൺസിൽ അധ്യക്ഷ ബൈഡന്റെ കാബിനറ്റിൽ ഒരു അംഗം കൂടിയാണ്.

അമേരിക്കയിലെ ആദ്യ ആഫ്രിക്കൻ അമേരിക്കൻ ആസ്ട്രോ ഫിസിസ്റ്റിന്റേയും (പിതാവ്), സ്കൂൾ സൈക്കോളജിസ്റ്റിന്റേയും (മാതാവ്) മകളാണ് സിസിലിയ. ഒബാമ ഭരണത്തിൽ (2009–2011) വരെ കൗൺസിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.1963 ഡിസംബർ 18ന് കലിഫോർണിയ വാൾനട്ട് ക്രീക്കിലാണ് ജനനം. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നു ബിരുദവും ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും കരസ്ഥമാക്കി.

പഠനത്തിനു ശേഷം പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ ജോലിയിൽ പ്രവേശിച്ചു. നാഷണൽ അക്കാദമി ഓഫ് എഡുക്കേഷൻ അംഗമാണ്. ജേർണൽ ഓഫ് ലേബർ എക്കണോമിക്സ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ഗവേഷണഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുപ്രസിദ്ധ എഴുത്തുകാരൻ ടോണി മോറിസന്റെ മകൻ ഫോർഡ് മോറിസനാണ് ഭർത്താവ്. രണ്ടു പെൺമക്കളുമുണ്ട്.