തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫുമായി നീക്കുപോക്കില്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഹമീദ് വാണിയമ്പലം. യുഡിഎഫുമായി നീക്കുപോക്കുണ്ടാക്കിയെങ്കിലും രാഷ്ട്രീയ നിലപാട് ആർക്കും അടിയറവ് വക്കില്ല. ഒരു മുന്നണിയുമായും സഖ്യമില്ലെന്നും വെൽഫെയർ പാർട്ടിയിൽ തീവ്രവാദം ആരോപിക്കുന്നവർ അവസരവാദ രാഷ്ട്രീയത്തിൻ്റെ വക്താക്കളെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

അതേസമയം, മുന്നണിക്ക് പുറത്തുള്ള ഒരു പാർട്ടിയുമായും ബന്ധമില്ലെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞിരുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും നിലപാട് വ്യക്തമാക്കിയിരുന്നു. വെൽഫെയർ പാർട്ടിയുമായി യാതൊരു ബന്ധവും പാടില്ലെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.

എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കിന് കോൺഗ്രസിൽ ധാരണയായതായാണ് കഴിഞ്ഞ മാസം പുറത്തുവന്ന വാർത്ത. വെൽഫയർ പാർട്ടിയുമായി പ്രാദേശിക നീക്ക് പോക്ക് ഉണ്ടാക്കുമെന്നും പ്രാദേശികമായി സഹകരിക്കാവുന്ന സംഘടനകളുമായി നീക്കുപോക്കാവാം എന്നാണ് രാഷ്ട്രീയകാര്യ സമിതിയിലെ ധാരണയെന്നുമായിരുന്നു വിവരം. അന്നും പരസ്യ പ്രസ്താവനയ്ക്ക് പാർട്ടി അധ്യക്ഷൻ തയാറായിരുന്നില്ല.