ന്യൂയോർക്ക്∙ മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ സഭയുടെ പരമാധ്യക്ഷനും, മലങ്കര മാർത്തോമ്മ സഭയുടെ 22–ാം മെത്രാപ്പോലീത്തായും ആയ ഡോ.തിയഡോഷ്യസ് മാർത്തോമ്മായ്‌ക്ക് അനുമോദനവും ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസിന്റെ സപ്തതി ആഘോഷവും നടത്തുന്നു. ഡിസംബർ 5 ശനിയാഴ്ച ന്യൂയോർക്ക് സമയം രാവിലെ 8.30 ന് ന്യുയോർക്കിലെ ലോങ്ങ് ഐലൻഡ് മാർത്തോമ്മ ദേവാലയത്തിൽ നടത്തുന്ന വിശുദ്ധ കുർബ്ബാന ശുശ്രൂഷയോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.

ശുശ്രുഷകൾക്ക് ബിഷപ് ഡോ.മാർ ഫിലക്സിനോസ് മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ 9.30 ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ കാലം ചെയ്ത ഡോ.ജോസഫ് മാർത്തോമ്മായുടെ പിൻഗാമിയായി മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ 22 -ാം മെത്രാപ്പോലീത്തയായി നവംബർ 14 ന് സ്ഥാനാരോഹണം ചെയ്ത് ചുമതലയേറ്റ ഡോ.തിയഡോഷ്യസ് മാർത്തോമ്മായെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ പേരിൽ അനുമോദിക്കുന്നു. ഡിസംബർ 5ന് 70–ാം വയസ്സിലേക്ക് പ്രവേശിക്കുന്ന ഭദ്രാസനാധിപൻ ബിഷപ് ഡോ. മാർ ഫിലക്സിനോസിന്റെ സപ്തതി ആഘോഷങ്ങൾ അന്നേ ദിവസം ജന്മദിന കേക്ക് മുറിച്ചുകൊണ്ട് തുടക്കം കുറിക്കുന്നു.

ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്ററായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ന്യൂയോർക്ക് സെന്റ്.ജോൺസ് മാർത്തോമ്മ ഇടവാംഗമായ സെനറ്റർ കെവിൻ തോമസിനെ പ്രസ്തുത ചടങ്ങിൽ അനുമോദിക്കും. സമ്മേളനത്തിൽ റവ.ഡോ.ഫിലിപ്പ് വർഗീസ്, ലിൻ ആൻ കീരിക്കാട്ട്, ഡോ.സാക് വർഗീസ്, വർക്കി എബ്രഹാം, ഡോ.മാത്യു ടി.തോമസ്, ഡോ.അനിൽ വർഗീസ്, സഭാ സെക്രട്ടറി റവ.കെ.ജി ജോസഫ്, വികാരി ജനറാൾ റവ.പി.ടി തോമസ്, റവ.സജിത്ത് തോമസ് ജോൺ, ഫിലിപ്പ് തോമസ് സിപിഎ എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിക്കും. നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ സമ്മേളനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഭദ്രാസനത്തിനുവേണ്ടി സെക്രട്ടറി റവ.മനോജ് ഇടുക്കുള അറിയിച്ചു. സമ്മേളനത്തിൽ www.youtube.com/ marthoma media എന്ന വെബ് സൈറ്റിലൂടെ ഏവർക്കും തത്സമയം പങ്കെടുക്കാവുന്നതാണ്.