മൊയ്തീന്‍ പുത്തന്‍‌ചിറ

ന്യൂയോര്‍ക്ക്: വിദഗ്ദ്ധരായ തൊഴിലാളികള്‍ക്ക് അനുവദിക്കുന്ന വിസകൾ പരിമിതപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ള ട്രം‌പ് അഡ്മിനിസ്ട്രേഷന്‍ കൊണ്ടുവന്ന രണ്ട് നിയമങ്ങൾ യുഎസ് ഫെഡറൽ ജഡ്ജി തള്ളി.

എച്ച് -1 ബി വിസയുള്ള തൊഴിലാളികൾക്ക് ഉയർന്ന ശമ്പളം നൽകാൻ കമ്പനികളെ നിർബന്ധിതരാക്കുകയും, അതേസമയം തന്നെ അത്തരം വിസകൾക്ക് അർഹതയുള്ള പ്രത്യേക തൊഴിൽ മേഖലകളെ നിയന്ത്രിക്കുകയും ചെയ്യുന്ന നിയമങ്ങള്‍ക്കാണ് ജഡ്ജി തടയിട്ടത്.

ഉയര്‍ന്ന ശമ്പളം നല്‍കാന്‍ കമ്പനികളെ നിര്‍ബ്ബന്ധിതരാക്കുന്ന നിയമം ഒക്ടോബറില്‍ പ്രാബല്യത്തിലായെങ്കില്‍, തൊഴില്‍ മേഖലകളെ നിയന്ത്രിക്കുന്ന നിയമം അടുത്ത ആഴ്ച നിലവില്‍ വരും.

“നിയമം നടപ്പാക്കുന്നതിന് 30 ദിവസത്തെ കാത്തിരിപ്പ് ആവശ്യമാണെന്ന നിബന്ധന തൊഴിൽ വകുപ്പ് മറച്ചു വെച്ചു. ഏത് നിയമവും പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് നിർദ്ദിഷ്ട നിയമങ്ങളെക്കുറിച്ചും അഭിപ്രായത്തെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കേണ്ടതായിരുന്നു. അതിനാണ് 30 ദിവസത്തെ സാവകാശം അനുവദിക്കുന്നത്,” യു എസ് ജില്ലാ കോടതി ജഡ്ജി ജെഫ്രി വൈറ്റ് പറഞ്ഞു.

കോവിഡ്-19 കാരണം എച്ച് -1 ബി പ്രോഗ്രാമിന് യോഗ്യത നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്ന ഗവണ്മെന്റിന്റെ വാദങ്ങളും കോടതി തള്ളി.

പൊതുജനാരോഗ്യ അടിയന്തരാവസ്ഥ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ എച്ച് -1 ബി പ്രോഗ്രാമിന്റെ സമഗ്രത ശക്തിപ്പെടുത്തേണ്ടത് അടിയന്തിരമായി ആവശ്യമാണെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് വാദിച്ചു. സമാനമായി ജോലി ചെയ്യുന്ന അമേരിക്കന്‍ തൊഴിലാളികളുടെ വേതനത്തേയും തൊഴിൽ സാഹചര്യങ്ങളേയും കോവിഡ്-19 പ്രതികൂലമായി ബാധിച്ചു എന്ന വാദവും കോടതി അംഗീകരിച്ചില്ല.

എന്നാല്‍, ഒക്ടോബർ വരെ ഭരണകൂടം ഈ നിയമങ്ങൾ പ്രസിദ്ധീകരിക്കാത്തതിനാൽ, ജോലി സംരക്ഷിക്കേണ്ട അടിയന്തിര ആവശ്യത്തിന് അനുസൃതമായി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടാൻ കഴിയില്ലെന്ന് ജഡ്ജി ജെഫ്രി വൈറ്റ് വിധിച്ചു.

“അടിയന്തിര” നടപടി ആവശ്യമാണെന്ന് കണ്ടെത്തുന്നതിനുള്ള അടിസ്ഥാനമായി രണ്ട് ഏജൻസികളും ‘ഉയർച്ച’, ‘വ്യാപകമായ’ തൊഴിലില്ലായ്മാ നിരക്ക് എന്നിവ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ആറു മാസത്തിലേറെയായി അതേക്കുറിച്ച് ഒന്നുംതന്നെ ചെയ്തിട്ടുമില്ല പറഞ്ഞിട്ടുമില്ല,” ജഡ്ജി തന്റെ വിധിന്യായത്തില്‍ എഴുതി.

എച്ച് -1 ബി വിസ ലഭിക്കണമെങ്കില്‍ കുറഞ്ഞത് ഒരു ബാച്ചിലേഴ്സ് ഡിഗ്രിയോ തത്തുല്യ യോഗ്യതയോ ആവശ്യമാണ്. ടെക്നോളജി, എഞ്ചിനീയറിംഗ്, മെഡിസിൻ തുടങ്ങിയ പ്രത്യേക വിഭാഗങ്ങളിൽ വിദേശ തൊഴിലാളികൾക്ക് താൽക്കാലിക തൊഴിൽ അനുവദിക്കുന്നതിനായി അമേരിക്ക നിലവിൽ ഓരോ വർഷവും പരമാവധി 85,000 എച്ച് -1 ബി വിസ നൽകുന്നു.