ബുറൈവി ചുഴലിക്കാറ്റ് ഭീഷണിയിൽ കൊല്ലം ജില്ല അതിജാഗ്രതയിൽ. പുനലൂർ, പത്തനാപുരം താലൂക്കുകൾ പൂർണമായും കൊട്ടാരക്കര താലൂക്ക് ഭാഗികമായും അതി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ബുറൈവിയെ നേരിടാൻ കൊല്ലം ജില്ല സുസജ്ജമാണെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു.

ബുറൈവി ചുഴലിക്കാറ്റ് ഏറ്റവുമധികം ബാധിക്കുന്ന ജില്ലകളിൽ ഒന്ന് കൊല്ലം ആണെന്നാണ് വിലയിരുത്തൽ. ജില്ലയുടെ 60 ശതമാനം മേഖലയെ ബുറൈവി ബാധിക്കും എന്നാണ് വിവരം. എന്നാൽ, നൂറുശതമാനം മേഖലയിലും ബാധിക്കും എന്ന നിലയിൽ സജ്ജീകരണങ്ങൾ ക്രമീകരിച്ചതായി ജില്ലാ കളക്ടർ ബി അബ്ദുൽ നാസർ അറിയിച്ചു.

ബുറൈവി ജില്ലയിലെത്തുക കുളത്തൂപ്പുഴ വഴിയാകും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ദുരന്തനിവാരണ സേനയുടെ ടീം കൊട്ടാരക്കരയിൽ തമ്പടിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് അപകടകരമായ സ്ഥലങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ആരംഭിക്കും. അപകടസാധ്യതയുള്ള മരങ്ങൾ മുറിച്ചു മാറ്റുമെന്നും കൂടുതൽ കലുഷിതമായ സാഹചര്യമുണ്ടായാൽ പൊതുഗതാഗത സംവിധാനം താത്ക്കാലികമായി നിർത്തി വെക്കുമെന്നും ജില്ലാകളക്ടർ അറിയിച്ചു.