മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് വാഗ്ദാനം ചെയ്ത് കൊച്ചി കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് പ്രകടനപത്രിക. നഗരത്തിലെ വെള്ളക്കെട്ടിനും മാലിന്യപ്രശ്‌നത്തിനും പരിഹാരം കണ്ടെത്തുമെന്നും ആറ് മാസത്തിനകം കോര്‍പറേഷനില്‍ ഇ-ഗവര്‍ണന്‍സ് നടപ്പാക്കുമെന്നും ഇടത് മുന്നണി പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.

‘വേണം നമുക്കൊരു പുതിയ കൊച്ചി’ എന്ന തലക്കെട്ടിലാണ് എല്‍ഡിഎഫ് പ്രകടന പത്രിക. വീടില്ലാത്ത മുഴുവന്‍ ആളുകള്‍ക്കും വീട്, ഭൂമിയില്ലാത്തവര്‍ക്ക് ഫ്‌ളാറ്റ്, സിറ്റി ഗ്യാസ് പദ്ധതിയില്‍ ആവശ്യക്കാര്‍ക്ക് സിഎന്‍ജി കണക്ഷന്‍ തുടങ്ങി 24 ഇന കര്‍മ പരിപാടികളാണ് പ്രകടന പത്രികയിലുള്ളത്.

സംയോജിത ഗതാഗത സംവിധാനം, പശ്ചിമ കൊച്ചിയിലേക്ക് മെട്രോ റെയില്‍, നഗരവികസനത്തിന് മാസ്റ്റര്‍ പ്ലാന്‍, കുടുംബശ്രീയുടെ ന്യായവില ഹോട്ടലുകള്‍, സ്ത്രീകള്‍ക്ക് സ്റ്റേ ഹോംസ് തുടങ്ങിയവയാണ് എല്‍ഡിഎഫ് വിഭാവനം ചെയ്യുന്നത്.

ബ്രഹ്മപുരത്ത് യുദ്ധകാലടിസ്ഥാനത്തില്‍ മാലിന്യ പ്ലാന്റ് നിര്‍മിക്കുന്നതിന് ഒപ്പം വയലുകളും തോടുകളും നവീകരിച്ച ഗ്രീന്‍ സിറ്റി പദ്ധതിയും നടപ്പാക്കും. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ മൂവാറ്റുപുഴയാറില്‍ നിന്ന് കൂടുതല്‍ വെള്ളമെത്തിക്കാന്‍ പദ്ധതി തയാറാക്കുമെന്നും പ്രകടന പത്രികയിലുണ്ട്.

കായല്‍ നികത്താതെ പത്മസരോവരം പദ്ധതി പൂര്‍ത്തിയാക്കും. കായികരംഗത്തിനും വിദ്യാഭ്യാസ മേഖലക്കും ഒപ്പം സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന പദ്ധതികളുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ കോര്‍പറേഷന്‍ ആസ്ഥാന മന്ദിരം പൂര്‍ത്തിയാക്കുമെന്നും എല്‍ഡിഎഫ് കൊച്ചിയിലെ വോട്ടര്‍മാരോട് വാഗ്ദാനം ചെയ്യുന്നുണ്ട്.