ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കുമുള്ള സ്‌പെഷ്യല്‍ തപാല്‍ ബാലറ്റ് വിതരണം ഇന്നാരംഭിക്കും. സ്‌പെഷ്യല്‍ പോളിംഗ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് ബാലറ്റുകള്‍ വിതരണം ചെയ്യുന്നത്.

ഡിസംബര്‍ എട്ടിന് തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ സ്‌പെഷ്യല്‍ വോട്ടര്‍ പട്ടികയിലുള്ളവര്‍ക്കാണ് ഇന്ന് മുതല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ലഭിക്കുക. സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍ വോട്ടര്‍മാരെ സന്ദര്‍ശിക്കുന്ന സമയം എസ്.എം.എസ്സിലൂടെയും ഫോണ്‍ മുഖേനയും മുന്‍കൂട്ടി അറിയിക്കും. ബാലറ്റ് ലഭിക്കുമ്പോള്‍ തന്നെ വോട്ട് രേഖപ്പെടുത്തി പോളിംഗ് ടീമിന് കൈമാറാം. അല്ലെങ്കില്‍ വോട്ടര്‍ക്ക് അവ തപാലിലൂടെയോ ആള്‍വശമോ വോട്ടെണ്ണലിന് മുന്‍പ് വരണാധികാരിക്ക് എത്തിക്കുകയും ചെയ്യാം.

ഡിസംബർ 7 ന് വൈകിട്ട് 3 മണി വരെ പോസിറ്റീവ് ആവുകയോ നിരീക്ഷണത്തിൽ പ്രവേശിക്കുകയോ ചെയ്യുന്നവർക്കാകും സ്പെഷ്യൽ തപാൽ വോട്ട് സാധ്യമാവുക. വോട്ടർപട്ടികയുമായി പരിശോധിച്ചശേഷമാകും പോസ്റ്റൽ ബാലറ്റ് അനുവദിക്കുക. അന്തിമ സ്ഥാനാർത്ഥി പട്ടിക തയാറാക്കുന്ന ദിവസത്തെ കൊവിഡ് ബാധിതരുടേയും നിരീക്ഷണത്തിൽ കഴിയുന്നവരുടേയും എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ബാലറ്റ് പേപ്പറിന്റെ എണ്ണം നിശ്ചയിക്കേണ്ടതെന്ന് കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.