ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡിനെതിരായി രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിനേഷന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്ത‌മാക്കി. വസ്‌തുതാപരമായ വിവരങ്ങളെ അടിസ്ഥാനമാക്കി ശാസ്‌ത്രീയ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ കൊവിഡ് കേസുകള്‍ ഒമ്ബത് ലക്ഷം കടക്കുകയും ഒരു ലക്ഷത്തിലേറെ പേര്‍ കൊവിഡ് ബാധിച്ച്‌ മരണപ്പെടുകയും ചെയ്‌ത സഹചര്യത്തിലാണ് രാജേഷ് ഭൂഷണ്‍ ഈക്കാര്യം വ്യക്തമാക്കിയത്. “ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രാജ്യം മുഴുവന്‍ വാക്സിനേഷന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഒരിക്കലും പറഞ്ഞിട്ടില്ല. വസ്‌തുതാപരമായ വിവരങ്ങളെ അടിസ്ഥാനമാക്കി ശാസ്‌ത്രീയ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യേണ്ടതുണ്ട്.” രാജേഷ് ഭൂഷണ്‍ പറഞ്ഞു.

ഇന്ത്യയിലെ ദിനംപ്രതി കൊവിഡ് പോസിറ്റീവ് നിരക്ക് 3.72 ശതമാനം മാത്രമാണെന്നും(ഒരു ദശലക്ഷത്തില്‍ 211 കേസുകള്‍) മറ്റു വലിയ രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ രോഗവ്യാപന നിരക്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വാക്‌സിന്‍ സമയക്രമങ്ങളെ പ്രതികൂല സംഭവങ്ങള്‍ ഒരു തരത്തിലും ബാധിക്കില്ലെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതികരിച്ചു കൊണ്ട് രാജേഷ് ഭൂഷണ്‍ പറഞ്ഞു.