കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭരംഗത്തുള്ള കർഷക സംഘടനകളും കേന്ദ്ര സർക്കാർ പ്രതിനിധികളും തമ്മിലുള്ള ചർച്ച തുടരുന്നു. വിവാദ നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കർഷകർ. പ്രശ്നപരിഹാരത്തിനായി വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന കേന്ദ്ര നിർദേശം കർഷക സംഘടനകൾ തള്ളി.

സമിതി രൂപീകരിക്കേണ്ട സമയമല്ല ഇതെന്ന് സംഘടനാ പ്രതിനിധികൾ പറഞ്ഞു. നടപടിയാണ് വേണ്ടത്. കുത്തകകൾക്ക് കാർഷിക മേഖലയെ തീറെഴുതാനുള്ള വഴിയൊരുക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തതെന്നും സംഘടനാ പ്രതിനിധികൾ കുറ്റപ്പെടുത്തി. 35 പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ചർച്ചയിൽ പങ്കെടുക്കേണ്ട എന്നായിരുന്നു നേരത്തെ തീരുമാനം. എന്നാൽ, പിന്നീട് സംഘടനകൾ കൂടിയാലോചിച്ച ശേഷം ചർച്ചയിൽ പങ്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

കർഷകരുമായി ചർച്ച നടത്തുന്നതിന്​ മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ, കൃഷിമന്ത്രി നരേന്ദ്രസിം​ഗ് തോമർ തുടങ്ങിയവർ ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദയുടെ വസതിയിൽ കൂടിക്കാഴ്​ച നടത്തിയിരുന്നു.