പി.പി. ചെറിയാന്‍

വാഷിങ്ടൻ ∙ ഒമഹ നാറ്റീവ് സിമോൺ സാന്റേഴ്സിനെ നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ സീനിയർ അഡ്‍വൈസറും ചീഫ് സ്പോക്ക് പേഴ്സനുമായി നോമിനേറ്റ് ചെയ്തു. 30 വയസ്സുള്ള സാന്റേഴ്സ് 2020 ബൈഡൻ പ്രസിഡൻഷ്യൽ കാംപയ്ൻ സീനിയർ അഡ്വൈസറായിരുന്നു.

2016 ൽ യുഎസ് സെനറ്റർ ബർണി സാന്റേഴ്സും പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനു വേണ്ടി മത്സരിച്ചപ്പോൾ ബർണിയുടെ പ്രസ് സെക്രട്ടറിയായും സാന്റേഴ്സ് പ്രവർത്തിച്ചിട്ടുണ്ട്. അന്ന് ഏറ്റവും പ്രായം കുറഞ്ഞ പ്രസ് സെക്രട്ടറി എന്ന പദവി കൂടി ഇവർക്കുണ്ടായിരുന്നു.

കൊയലേഷൻ ഓഫ് ജുവനൈൽ ജസ്റ്റിസ് എമർജിങ് ലീഡേഴ്സ് കമ്മിറ്റി മുൻ അധ്യക്ഷയായും ഫെഡറൽ അഡ്‍വൈസറി കമ്മിറ്റി ഓൺ ജുവനൈൽ ജസ്റ്റിസ് മെംബറായും ഇവർ പ്രവർത്തിച്ചിരുന്നു. സിഎൻഎൻ പൊളിറ്റിക്കൽ കമന്റേറ്ററായും ഇവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

യുഎസ് ആർമി കോർപസ് ഓഫ് എൻജിനിയേഴ്സിൽ നിന്നും റിട്ടയർ ചെയ്ത ഡാനിയേൽ സാന്റേഴ്സിന്റേയും, ഒമഹ സ്റ്റാർ മുൻ പബ്ലിഷർ ടെറി സാന്റേഴ്സിന്റേയും മകളായി യുഎസിലെ നെബ്രസ്ക്കാ സംസ്ഥാനത്തെ ഒമഹയിൽ 1989 ഡിസംബർ 10നായിരുന്നു ഇവരുടെ ജനനം. ക്രേയ്ഗ്‍ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിബിഎ ബിരുദം നേടിയിട്ടുണ്ട്. ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ നിരവധി ടെലിവിഷൻ ഷോകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.