മനാമ: വിദേശ രാജ്യങ്ങളില്‍ നിന്ന് ബഹ്റൈനിലെത്തുന്നവര്‍, കോവിഡ് പരിശോധനക്കായി എയര്‍പോര്‍ട്ടില്‍ അടക്കേണ്ട ഫീസ് 60 ദിനാറില്‍ നിന്ന് 40 ദിനാര്‍ ആയി കുറച്ചു.

ബഹ്‌റൈനിലെത്തുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമെല്ലാം ഡിസംബര്‍ 1 മുതല്‍ ഇതു ബാധകമാണെന്നും യാത്രക്കാര്‍ക്കുള്ള മറ്റു നിര്‍ദേശങ്ങളിലൊന്നും മാറ്റമില്ലെന്നും അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് കോവിഡ് പ്രതിരോധത്തിനായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് പ്രവേശിക്കുന്‌പോള്‍ നടത്തുന്ന പിസിആര്‍ പരിശോധനയ്ക്കും പത്തു ദിവസത്തിനു ശേഷം നടത്തുന്ന എക്‌സിറ്റ് പിസിആര്‍ ടെസ്റ്റിനും കൂടി 30 ദിനാര്‍ വീതം കണക്കാക്കി 60 ദിനാറായിരുന്നു ഇതുവരെ ഈടാക്കിയിരുന്നത്.
ഇതാണ് ഡിസംബര്‍ 1മുതല്‍ 40 ദിനാര്‍ ആയി കുറച്ചത്.അതേസമയം കൊവിഡ് പ്രൊട്ടോക്കോളിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ മറ്റു നിബന്ധനകളിലൊന്നും മാറ്റമില്ല.

ബഹ്‌റൈനിലെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കിയെങ്കിലും എയര്‍പ്പോട്ടിലെ ആദ്യ കൊവിഡ് ടെസ്റ്റ് കഴിഞ്ഞാല്‍ റിസള്‍ട്ട് ലഭിക്കുന്നത് വരെ വീട്ടുനിരീക്ഷണത്തില്‍ കഴിയണം. നെഗറ്റീവ് ആകുന്നവരും പത്താം ദിവസം വീണ്ടും പരിശോധന നടത്തണം. എല്ലാവരും സ്വന്തം മൊബൈല്‍ ഫോണില്‍ ‘ബി അവെയര്‍’ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആക്ടിവേറ്റ് ചെയ്തിരിക്കണം. എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങും മുന്‌പെ കൊവിഡ് ടെസ്റ്റിനുള്ള ഫീസ് അടച്ചിരിക്കണം. എന്നീ നിബന്ധനകളില്‍ മാറ്റമൊന്നുമില്ല.

യാത്രക്കാര്‍ക്ക് ബഹ്‌റൈനിലെത്തും മുന്‌പെ ‘ബി അവെയര്‍’ ആപ്പു വഴിയോ bahrain.bh എന്ന വെബ്‌സൈറ്റ് വഴിയോ മുന്‍കൂറായും 40ദിനാര്‍ അടക്കാവുന്നതാണ്. കൂടാതെ വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടുള്ള കിയോസ്‌ക് കൗണ്ടറുകളിലും ഇതിനുള്ള സൗകര്യമുണ്ട്.