തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിനങ്ങളില്‍ സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശുപാര്‍ശയെ തുടര്‍ന്ന് നികുതി വകുപ്പാണ് സംസ്ഥാനത്ത് മൂന്നു ഘട്ടമായി ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വോട്ടെടുപ്പ് മൂന്നു ഘട്ടങ്ങളിലായാണ് നടക്കുന്നത്. വോട്ടെടെപ്പു നടക്കുന്ന ദിനങ്ങളിലും വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 16 നുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഇടുക്കി ജില്ലകളില്‍ ഡിസംബര്‍ ആറിന് വൈകിട്ട് ആറു മുതല്‍ ഡിസംബര്‍ എട്ടിന് പോളിംഗ് അവസാനിക്കുന്നതു വരെയാണ് ഡ്രൈ ഡേ.
കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ഡിസംബര്‍ എട്ടിന് വൈകിട്ട് ആറു മുതല്‍ ഡിസംബര്‍ പത്തിന് വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയും ഡ്രൈ ഡേ ആയിരിക്കും.

മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഡിസംബര്‍ 12 വൈകിട്ട് ആറു മുതല്‍ ഡിസംബര്‍ 14 വരെയാണ് ഡ്രൈ ഡേ. ഇതുകൂടാതെ വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 16 നും സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും.