പെരിയ ഇരട്ടക്കൊലപാതക കേസിൽ ഏത് അന്വേഷണത്തെയും നേരിടാൻ തയാറെന്ന് സിപിഐഎം കാസർ​ഗോഡ് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ. പെരിയ കേസ് സിബിഐ അന്വേഷിക്കുമെന്ന സുപ്രിംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു എംവി ബാലകൃഷ്ണൻ.

സംസ്ഥാന സർക്കാരിന്റെ അന്വേഷണ ഏജൻസിയെ കരിവാരിത്തേക്കുന്നതിനോട് യോജിപ്പില്ലെന്ന് എംവി ബാലകൃഷ്ണൻ പറഞ്ഞു. ആരോപണ വിധേയനായ പാർട്ടി അം​ഗത്തെ അപ്പോൾ തന്നെ പുറത്താക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് പെരിയ ഇരട്ടക്കൊലക്കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടിയായുള്ള സുപ്രിംകോടതി വിധി വരുന്നത്. കേസ് സിബിഐ തന്നെ അന്വേഷിക്കുമെന്ന് സുപ്രിംകോടതി വിധിച്ചു. സംസ്ഥാന സർക്കാരിന്റെ ഹർജി തള്ളിക്കൊണ്ടാണ് സുപ്രിംകോടതി നടപടി. സംസ്ഥാന സർക്കാരിന്റേത് നിലനിൽക്കുന്ന ഹർജി അല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം ഒരു ഹർജി വേണമായിരുന്നോ എന്ന് കോടതി ചോദിച്ചു.

2019 ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. സിപിഐഎം മുന്‍ ലോക്കല്‍ സെക്രട്ടറി പീതാംബരനാണ് കേസിൽ ഒന്നാംപ്രതി. സിപിഐഎം ഉദുമ ഏരിയ സെക്രട്ടറി കെ.മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെടെ 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.