കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതായിരുന്നു. പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടു. ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ ശ്രമിക്കുന്നുവെന്നും സെക്രട്ടേറിയേറ്റില്‍ പരാമര്‍ശം.

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. വിജിലന്‍സിന്റെ സ്വതന്ത്രമായി അന്വേഷിക്കാനുള്ള അവകാശത്തെ കുറിച്ച് ബോധ്യമില്ലാത്തവരാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്ന് കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. ഏതെങ്കിലും വകുപ്പില്‍ അന്വേഷണം നടക്കുമ്പോള്‍ അക്കാര്യം വകുപ്പ് മന്ത്രിയെ അറിയിക്കേണ്ട കാര്യമില്ല. മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മില്‍ അഭിപ്രായ ഭിന്നതയില്ലെന്നും കടകംപള്ളി പറഞ്ഞു.

മുഖ്യമന്ത്രിയെ പിന്തുണച്ച് മന്ത്രി ഇ പി ജയരാജനും രംഗത്തെത്തി. കെഎസ്എഫ്ഇയില്‍ നടന്നത് റെയ്ഡല്ല, പരിശോധന മാത്രം. ധനമന്ത്രിക്ക് അതില്‍ അതൃപ്തിയില്ല. പ്രതിപക്ഷം വായില്‍ തോന്നിയത് പറയുകയാണ്. സി എന്‍ രവീന്ദ്രന്റെ സ്വത്തിന്റെ വിവരങ്ങള്‍ അന്വേഷണത്തിലൂടെ പുറത്ത് വരട്ടെയെന്നും ഇ പി ജയരാജന്‍ പറഞ്ഞു.