ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്ന് മുതല്‍ അഞ്ച് ദിവസം അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കേരള തീരത്ത് മത്സ്യ ബന്ധനം നിരോധിച്ചു . തെക്കന്‍ കേരളത്തില്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ബുറൈവി ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. നാളെ വൈകിട്ടോടെ കാറ്റ്ശ്രീലങ്കന്‍ തീരം കടക്കും. വ്യാഴാഴ്ച ബുറൈവി കന്യാകുമാരി തീരത്ത് എത്താനാണ് സാധ്യത. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കേരള തീരത്ത് മത്സ്യ ബന്ധനം നിരോധിച്ചു. നിലവില്‍ ആഴക്കടലില്‍ മല്‍സ്യബന്ധനത്തില്‍ പ്പെട്ടിരിക്കുന്നവര്‍ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തണം. നാളെ മുതല്‍ തെക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയുണ്ടാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ വ്യാഴാഴ്ച റെഡ് അലര്‍ട്ടുണ്ട്. ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ തയ്യാറാവാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.

ഏഴ് എന്‍.ഡി.ആര്‍.എഫ് സംഘത്തെ കൂടി കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം മുതല്‍ എറണാകുളം മുതല്‍ ക്യാമ്ബ് തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 24 മണിക്കൂറുകള്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. കക്കി, നെയ്യാര്‍, കല്ലട ഡാമുകളിലെ ജലനിരപ്പ് ക്രമീകരിക്കണമെന്ന് കേന്ദ്ര ജല കമ്മീഷന്‍ നിര്‍ദേശം നല്‍കി.