കൊച്ചി: മുന്നോക്ക സംവരണങ്ങളിലെ അപാകത നീക്കാന്‍ ഹൈക്കോടതിയെ സമീപിച്ച്‌ എന്‍.എസ്.എസ്. മുന്നോക്കക്കാരില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയതുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എന്‍.എസ്.എസ് ഹൈക്കോടതിയെ സമീപിച്ചത്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നല്‍കിയ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് പി.വി.ആശ സംസ്ഥാന സര്‍ക്കാരിനും പി.എസ്‌.സിക്കും നോട്ടിസ് നല്‍കി. ഹര്‍ജിയില്‍ പ്രധാനമായും മൂന്നു പ്രശ്നങ്ങളാണ് എന്‍.എസ്.എസ് ചൂണ്ടിക്കാട്ടുന്നത്.

ജനുവരി 3 മുതല്‍ സാമ്പത്തിക സംവരണം നടപ്പാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയെന്നും പിഎസ്‌സി ഇതു നവംബര്‍ 23 മുതല്‍ നടപ്പാക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, തീയതി മാറ്റിവയ്ക്കാന്‍ പിഎസ്‌സിക്ക് അധികാരമില്ല. ജനുവരി 3 മുതല്‍ ഉത്തരവ് പിഎസ്‌സി നടപ്പാക്കണം. നിലവിലുണ്ടായിരുന്നതും തുടര്‍ന്നുള്ളതുമായ എല്ലാ റാങ്ക് ലിസ്റ്റുകള്‍ക്കും സാമ്പത്തിക സംവരണം നടപ്പാക്കണം. നേരത്തേ ഏര്‍പ്പെടുത്തിയ എല്ലാ സംവരണവും സര്‍ക്കാര്‍ ഉത്തരവിറക്കിയ അന്നു മുതല്‍ നടപ്പാക്കിയിട്ടുണ്ട്.

ഒന്‍പതാമതായാണ് ഊഴം നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍, പൊതു വിഭാഗത്തിലെ മൂന്നാം ഊഴം നല്‍കണം. പൊതുവിഭാഗത്തില്‍ നിന്നാണു സാമ്പത്തിക സംവരണം എന്നതിനാല്‍ മറ്റു സംവരണ വിഭാഗങ്ങളെ ബാധിക്കില്ല. സാമ്പത്തിക സംവരണ ഊഴം അനുസരിച്ചു നിയമനത്തിന് ആളില്ലെങ്കില്‍ ആ ഒഴിവ് ഓപ്പണ്‍ ക്വോട്ടയിലേക്കു വിടുമെന്ന വ്യവസ്ഥ റദ്ദാക്കണം. ഇക്കാര്യത്തില്‍ മറ്റു സംവരണ സമുദായങ്ങള്‍ക്കു നല്‍കിയതു പോലെ 2 പ്രാവശ്യം കൂടി ‘നോട്ടിഫൈ’ ചെയ്യാന്‍ അവസരം ഉണ്ടാകണം. 2 തവണ അങ്ങനെ ചെയ്തിട്ട് ആളെ ലഭിച്ചില്ലെങ്കില്‍ പൊതു വിഭാഗത്തിലെ സാമ്പത്തിക സംവരണത്തിന് അര്‍ഹതയുള്ളവര്‍ക്കായി മാറ്റണം.