ഡോളര്‍ കടത്ത് കേസില്‍ കൂടുതല്‍ ഉന്നതര്‍ ഉള്‍പ്പെട്ടതായി ബോധ്യപ്പെട്ടെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി. ഗൗരവതരമായ ഇടപെടലാണ് കള്ളക്കടത്തില്‍ ഇവര്‍ നടത്തിയത്. സ്വപ്ന, സരിത് എന്നിവരുടെ മൊഴിയിലാണ് ഇക്കാര്യം ഉള്ളതെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

ഡോളര്‍ കടത്ത് കേസില്‍ നിര്‍ണായക നിരീക്ഷണമാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി നടത്തിയത്. കേസില്‍ ശിവശങ്കറിനെ കൂടാതെ കൂടുതല്‍ ഉന്നതര്‍ ഉള്‍പ്പെട്ടതായി ബോധ്യപ്പെട്ടു. ഗൗരവതരമായ ഇടപെടലാണ് കള്ളക്കടത്തില്‍ ഇവര്‍ നടത്തിയത്. സ്വപ്ന, സരിത് എന്നിവരുടേതായി മുദ്രവച്ച കവറില്‍ കസ്റ്റംസ് സമര്‍പ്പിച്ച മൊഴിയിലാണ് ഇക്കാര്യം ഉള്ളത്. ഇവര്‍ കോണ്‍സുലേറ്റ് അധികൃതരുമായി മികച്ച ബന്ധം ഉണ്ടാക്കുകയും, ഗൂഢാലോചന നടത്തുകയും, കള്ളക്കടത്തിന്റെ ഭാഗമാവുകയും ചെയ്തതായി കോടതി നിരീക്ഷിച്ചു.

കേസില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ കൂടാതെ കൂടുതല്‍ വിദേശ പൗരന്‍മാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സ്വപ്നയെയുടെയും സരിത്തിന്റെയും മൊഴി അതീവ ഗൗരവമുള്ളതാണ്. മൊഴിയില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഡോളര്‍ ഇടപാടില്‍ കൂടുതല്‍ ശക്തമായ നീക്കങ്ങള്‍ കസ്റ്റംസിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നതിന്റെ സൂചനയാണ് കസ്റ്റഡി ഉത്തരവിലൂടെ വ്യക്തമാകുന്നത്.