നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതി പ്രദീപ്കുമാറിന്റെ
ജാമ്യാപേക്ഷയില്‍ ഹോസ്ദുര്‍ഗ്ഗ് കോടതി ഇന്ന് വിധി പറയും. ശക്തമായ വാദങ്ങള്‍ നിരത്തിയാണ് കോടതിയില്‍ പ്രോസിക്യൂഷന്‍ പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തത്. ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കാന്‍ ഇടയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, കേസ് ചില പൊലീസ് ഉദ്യോഗസ്ഥര്‍ കെട്ടിചമച്ചതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. കഴിഞ്ഞ ദിവസമാണ് പ്രദീപിന്റെ നാല് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചത്. കസ്റ്റഡിയിലിരിക്കെ മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്‌തെങ്കിലും തെളിവെടുപ്പിന് കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല. ഡിസംബര്‍ എട്ടിന് പ്രദീപിന്റെ റിമാന്റ് കാലാവധി പൂര്‍ത്തിയാകും.