തിരുവനന്തപുരം∙ ഇ–നിയമസഭ പദ്ധതി നടപ്പിലാക്കാൻ ഊരാളുങ്കല്‍ കോ–ഓപ്പറേറ്റിവ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ നൽകിത് 53.31 കോടി രൂപ. ഇതിൽ 13 കോടി രൂപ മൊബിലൈസേഷൻ അഡ്വാൻസായി നൽകി. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ഊരാളുങ്കൽ ആസ്ഥാനത്ത് ഇന്ന് പരിശോധന നടത്തിയിരുന്നു.

നിയമസഭയുടെ പ്രവർത്തനം പൂർണമായി കംപ്യൂട്ടർവൽക്കരിച്ച് കടലാസ് രഹിത നിയമസഭ എന്ന ആശയം നടപ്പിലാക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കിയത്. വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡർ (ടിഎസ്പി) ആയി സംസ്ഥാന സർക്കാർ അംഗീകരിച്ചതിനെത്തുടർന്നാണ് ഊരാളുങ്കലിനു കരാർ നൽകിയത്.

2017 സെപ്റ്റംബർ 15ന് ഊരാളുങ്കൽ നൽകിയ അപേക്ഷ അനുസരിച്ച് പദ്ധതി സംബന്ധിച്ച് പ്രാഥമിക പഠനം നടത്താൻ അനുവാദം നൽകി. ഊരാളുങ്കലിന്റെ ഈ മേഖലയിലെ പ്രാവീണ്യം കണക്കിലെടുത്ത്, പ്രത്യേക കേസായി പരിഗണിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഏജൻസിയായി ചുമതലപ്പെടുത്തിയതെന്നു നിയമസഭാ സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. 2019 നവംബറിൽ ഊരാളുങ്കൽ വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചു. നിയമസഭയുടെ സാങ്കേതിക സമിതി പദ്ധതി റിപ്പോർട്ടിനും എസ്റ്റിമേറ്റ് തുകയ്ക്കും തത്വത്തിൽ അംഗീകാരം നൽകി.

പദ്ധതിയുടെ ഇൻഫ്രാസ്ട്രെക്ചർ, സോഫ്റ്റ്‌വെയർ ഘടകങ്ങൾക്കായി ആകെ കരാർ തുകയുടെ 30% മൊബിലൈസേഷൻ അഡ്വാൻസായി 2019 മേയ് മാസത്തിൽ ഊരാലുങ്കൽ ആവശ്യപ്പെട്ടു. തുടർന്ന്, പ്രത്യേക കേസായി 13.59 കോടിരൂപ അഡ്വാൻസായി നൽകാൻ സ്പീക്കർ തീരുമാനിക്കുകയായിരുന്നു.