ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് രാജ്യത്തെ നിലവിലുള്ള അവസ്ഥയെ കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി സർവ്വകക്ഷി യോഗം വിളിച്ചു. ഡിസംബർ നാലിനാണ് സർവ്വകക്ഷിയോഗം. രാവിലെ 10 .30 ന് വീഡിയോ കോൺഫറൻസിലൂടെയായിരിക്കും യോഗം നടക്കുക. രാജ്യസഭയിലും ലോക്സഭയിലും പ്രാതിനിധ്യമുളള പാർട്ടികളുടെ നേതാക്കൾ സർവ്വകക്ഷിയോഗത്തിൽ പങ്കെടുക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യ മന്ത്രി ഡോ. ഹർഷ വർദ്ധൻ, പാർലെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരും യോഗത്തിൽ പങ്കെടുക്കും.

കൊറോണ വൈറസ് പ്രതിരോധ വാക്‌സിൻ വിതരണത്തിനായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ സർവ്വകക്ഷിയോഗം ചേരുന്നത്. വാക്‌സിൻ വിതരണം സംബന്ധിച്ച കാര്യങ്ങളെല്ലാം യോഗത്തിൽ ചർച്ചയായേക്കും. വാക്‌സിൻ വിതരണം സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ പ്രധാനമന്ത്രി നേരത്തെ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത രണ്ടാമത്തെ സർവ്വകക്ഷിയോഗമാണിത്.