തിരുവനന്തപുരം : നീണ്ട ഇടവേളയ്ക്ക് ശേഷം സിപിഎമ്മിന്റെ ആഭ്യന്തര രാഷ്ട്രീയം കലുഷിതമാകുന്നു. വിഎസ് പിണറായി ഗ്രൂപ്പ് പോരോടെ കെട്ടടങ്ങി എന്നു കരുതിയിരുന്ന വിഭാഗീയതയാണ് കെഎസ്എഫ്ഇയിലെ റെയ്ഡുമായി ബന്ധപ്പെട്ട് വീണ്ടും മറനീക്കി പുറത്തുവന്നത്.

ധനമന്ത്രി കൈകാര്യം ചെയ്യുന്ന കെ എസ് എഫ് ഇ ശാഖകളിൽ സംസ്ഥാന വിജിലൻസ് തന്നെ റെയ്ഡ് നടത്തിയതോടെയാണ് സിപിഎമ്മിലെ ഉൾപാർട്ടി പോര് രൂക്ഷമാകുന്നത്. ഇതിനോടകം സിപിഎമ്മിൽ രണ്ട് ശാക്തിക ചേരികൾ രൂപപ്പെട്ടുകഴിഞ്ഞു. പൊതുവെ മിതവാദിയായ എം എ ബേബിയെ സംസ്ഥാനത്ത് കാര്യമായ പദവികൾ ഒന്നും നൽകിയിട്ടില്ല. കൊല്ലം പാർലമെൻറ് തെരഞ്ഞെടുപ്പിൽ ബോധപൂർവം തോൽപിച്ച് ഡൽഹിക്കയച്ചു. ശേഷം ഏകാധിപതിയായി വാഴുകയായിരുന്ന പിണറായി വിജയന് ശക്തമായ വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തിയിരിക്കുന്നത്.

തോമസ് ഐസക്കിന് എം എ ബേബിയുടെ ധാർമ്മിക പിന്തുണയുണ്ട്. മകൻ മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ട് അകത്തായതോടെ പാർട്ടി സംസ്ഥാന സെക്രട്ടറി പദം ഒഴിയേണ്ടിവന്ന കോടിയേരി ബാലകൃഷ്ണൻ ഇപ്പോൾ ചിത്രത്തിലേയില്ല .അതുകൊണ്ട് തന്നെ സിപിഎമ്മിലെ പിണറായി വിരുദ്ധരുടെ ചേരി ശക്തിപ്പെടുത്താനും അതിന് നേതൃത്വം നൽകാനുമാണ് ഐസക്കിന്റെ തീരുമാനമെന്നാണ് വിലയിരുത്തൽ.

കെഎസ്എഫ്ഇയില്‍ സംസ്ഥാന വിജിലന്‍സ് നടത്തിയ അന്വേഷണം ആരുടെ വട്ട് ആണെന്നായിരുന്നു തോമസ് ഐസക്കിന്റെ ആദ്യ പ്രതികരണം. കേരളത്തിലെ കെഎസ്എഫ്ഇ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡിന്‌റെ വിശദാംശങ്ങള്‍ വിജിലന്‍സ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. റിപ്പോര്‍ട്ട് നല്‍കുന്നത് വകുപ്പ് തലവനായ മുഖ്യമന്ത്രിക്കും. തോമസ് ഐസക്കിന് പിന്തുണ നല്‍കി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പരസ്യമായി രംഗത്തുവന്നു കഴിഞ്ഞു. നിലവിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പിണറായിക്കെതിരേ ശബ്ദമുയർത്താനോ പിണറായിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യാനോ നേതാക്കളാരും തയ്യാറല്ല.

എന്നാൽ സംസ്ഥാന വിജിലൻസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി കെഎസ്എഫ്ഇയിൽ നടത്തിയ പരിശോധന സർക്കാരിനെ ഏത് രീതിയിൽ ബാധിക്കുന്നു എന്നതിലുപരി സിപിഎമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കും എന്നതിൽ സംശയമില്ല.