ഇറാനിലെ ആണവ ശാസ്ത്രജ്ഞനായ മൊഹ്സീന്‍ ഫക്രിസദേയുടെ കൊലപാതകം സംബന്ധിച്ചുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. രാജ്യാന്തര നേതാക്കളോ മറ്റുള്ളവരോ പ്രതികരണം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും വധത്തിന് പിന്നിൽ ഇസ്രയേൽ കൈകളാണെന്ന് യുഎസ് മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൊലപാതകം നടന്ന മണിക്കൂറുകൾക്ക് ശേഷം ഇത് സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ ഇറാനിൽ നിന്ന് തന്നെ പുറത്തുവന്നിരിക്കുന്നു. 62 പേരുടെ ഉയർന്ന പരിശീലനം നേടിയ ഒരു ഹിറ്റ് സ്ക്വാഡാണ് കൊലപാതകം നടത്തിയതെന്നാണ് ഇറാനിലെ ചിലർ വെളിപ്പെടുത്തിയത്. കൃത്യമായ പ്ലാനിങും മാപ്പിങും നടത്തിയാണ് ദൗത്യം നടപ്പിലാക്കിയത്. ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ബോംബുകൾ പ്രയോഗിച്ചു. ദൗത്യം കൃത്യമായി നടപ്പിലാക്കാൻ സ്നൈപ്പേർസിനെയും (വെടിവെക്കാൻ പ്രത്യേക പരിശീലനം ലഭിച്ചവർ) ഉപയോഗിച്ചു. കില്ലർ സംഘത്തിൽ രണ്ടു സ്നൈപ്പർമാർ ഉണ്ടായിരുന്നു.

സംഭവ ദിവസം പ്രദേശത്തെ വൈദ്യുതി വിതരണം വരെ തകർത്താണ് ദൗത്യം നടത്തിയത്. ആറ് വാഹനങ്ങളിലായി വന്നവരാണ് കൊല നടത്തിയത്. ഇസ്രയേലിന്റെ മൊസാദ് സംഘമാണ് ഇതിനു പിന്നിലെന്ന് ഇറാനിലെ മുതിർ ഉദ്യേഗസ്ഥരെല്ലാം ആരോപിക്കുന്നുണ്ട്. പന്ത്രണ്ട് പേരാണ് ആ സമയത്ത്, വെള്ളിയാഴ്ച മൊഹ്സീന്‍ ഫക്രിസദേയെ വധിക്കൽ ദൗത്യം നടത്താൻ രംഗത്തുണ്ടായിരുന്നത്. എന്നാൽ, ഈ സമയവും സ്ഥലവും സജ്ജീവകരിക്കാൻ ദിവസങ്ങളോളം ആസൂത്രണം ചെയ്യാൻ 50 പേർ കൂടി സംഘത്തിലുണ്ടായിരുന്നു. ഇവരിൽ ചിലർ ഇറാനിലും കുറച്ചു പേർ വിദേശത്തുമാണെന്നുമാണ് അറിയുന്നത്.

മൊഹ്സീന്‍ ഫക്രിസദേയുടെ സുരക്ഷാ സംഘത്തിന്റെ ഓരോ ചലനത്തിന്റെയും തിയതിയും ഗതിയും തുടങ്ങി ചെറിയ വിശദാംശങ്ങൾ പോലുംം ഈ‌ ടീമിന് കൃത്യമായി അറിയാമായിരുന്നു. അബ്സാർഡിലെ തന്റെ സ്വകാര്യ വില്ലയിലേക്ക് പോകുന്ന സമയത്താണ് ശാസ്ത്രജ്ഞനായ മൊഹ്സീന്‍ ഫക്രിസദേയെ വധിക്കാനുള്ള സമയം കൊലയാളികൾ തിരഞ്ഞെടുത്തത്.

അവർ നേരത്തെ മാപ്പിങ് ചെയ്ത പ്രദേശത്തു കൂടെ മൊഹ്സീന്‍ ഫക്രിസദേ സഞ്ചരിക്കുന്നതിന് തൊട്ടുമുൻപ്, കൊലപാതകത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പെട്ടെന്ന് പ്രചരിക്കാതിരിക്കാനും അതിവേഗ വൈദ്യ സഹായം ലഭിക്കാതിരിക്കാനും കില്ലർ ടീം ഈ പ്രദേശത്തെ വൈദ്യുതി പൂർണമായും വിഛേദിച്ചിരുന്നു. ഹ്യൂണ്ടായ് സാന്റാ ഫിയിലാണ് നാലു കൊലയാളികൾ കാത്തിരുന്നത്. ഇതോടൊപ്പം നാലു മോട്ടോർസൈക്കിളുകളും.

മൂന്ന് ബുള്ളറ്റ് പ്രൂഫ് കാറുകൾക്ക് നടുവിലാണ് മൊഹ്സീന്‍ ഫക്രിസദേ സഞ്ചരിച്ചിരുന്നത്. ആദ്യ കാർ റൗണ്ട്എബൗട്ടിൽ പ്രവേശിച്ചതിനു ശേഷമാണ് കൊലയാളികൾ ആക്രമണം നടത്തിയത്. ഫക്രിസാദെയുടെ പുറകിലത്തെ കാർ തടയാനായി നേരത്തെ സജ്ജമാക്കിവെച്ചിരുന്ന നിസ്സാൻ പിക്കപ്പ് വാൻ പൊട്ടിത്തെറിച്ചു. ഈ നേരത്ത് 12 തോക്കുധാരികൾ മൊഹ്സീന്‍ ഫക്രിസദേയുടെ കാറിനു നേരെ കുതിച്ചു. വാഹനത്തിൽ ബോംബ് വെക്കാനും പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും സഹായിച്ചത് ഒരു സ്ത്രീയാണെന്നും ഇത് മൊസാദിന്റെ ചാര സുന്ദരിയാണെന്നും വിവിധ ട്വീറ്റുകളിൽ പറയുന്നുണ്ട്.

കാർ ബോംബ് പൊട്ടിത്തെറിച്ച ശേഷം 12 കൊലയാളികൾ മൊഹ്സീന്‍ ഫക്രിസദേയുടെ കാറിനും ഒന്നാമതായി കടന്നുപോയ സംരക്ഷണ വാഹനത്തിനും നേരെ വെടിയുതിർത്തു. ഇതിനു തൊട്ടുപിന്നാലെ കൊലപാതക സംഘത്തിന്റെ നേതാവ് മൊഹ്സീന്‍ ഫക്രിസദേയെ കാറിൽ നിന്ന് പുറത്തെടുത്ത് റോഡിലിട്ട് വെടിവച്ച് കൊന്നുവെന്ന് ഉറപ്പുവരുത്തുകയായിരുന്നു.

ഇറാന്റെ അംഗരക്ഷകരുമായുള്ള വെടിവയ്പിൽ കൊലയാളി സംഘത്തിലെ ഒരാൾക്ക് പരപക്കേറ്റിരുന്നു. എന്നാൽ കൊലയാളികളെ ഒരാളെ പോലും പിടികൂടാൻ സാധിച്ചിട്ടില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെള്ളിയാഴ്ചത്തെ ഈ ആക്രമണം ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷങ്ങൾ വർധിപ്പിച്ചിരിക്കുകയാണ്.