ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സുപ്രീംകോടതി അഭിഭാഷകര്‍. ഹരിയാന സര്‍ക്കാര്‍ നടപടിയെ ബാര്‍ കൗണ്‍സില്‍ ഡല്‍ഹി അംഗം രാജീവ് ഖോസ്ല, മുതിര്‍ന്ന അഭിഭാഷകന്‍ എച്ച്‌.എസ്. ഫൂല്‍ക്ക എന്നിവര്‍ അപലപിച്ചു.

‘പ്രക്ഷോഭകാരികളായ കര്‍ഷകരോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനാണ് സുപ്രീം കോടതി അഭിഭാഷകര്‍ ഇവിടെ ഒത്തുകൂടിയത്. രാജ്യത്തെ ഓരോ പൗരനും പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. അവര്‍ പാവപ്പെട്ട കര്‍ഷകരാണ്, അവരില്‍ പലരും എന്‍റെ സ്വന്തം ഗ്രാമത്തില്‍ നിന്നുള്ളവരാണ്. ഹരിയാന സര്‍ക്കാര്‍ കര്‍ഷകരോട് ചെയ്തത് വളരെ തെറ്റാണ്. കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം’ -ഫൂല്‍ക പറഞ്ഞു.
നീതിന്യായ വ്യവസ്ഥയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ തന്ത്രമാണിതെന്ന് രാജീവ് ഖോസ്ല ആരോപിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഡിസംബര്‍ 4 ന് ബാര്‍ കൗണ്‍സില്‍ യോഗം ചേരും. സര്‍ക്കാര്‍ നീതി നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമേ അവര്‍ നീതി നല്‍കൂ എന്നും മെന്നും രാജീവ് ഖോസ്ല ആരോപിച്ചു.

അതേസമയം സമരം തീര്‍ക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ നേരിട്ട്​ ഇടപെ​ട്ടെങ്കിലും,​ ഷാ മുന്നോട്ടു വച്ച ഉപാധികള്‍ പ്രതിഷേധക്കാര്‍ തള്ളിയിരുന്നു. ബുറാഡിയിലെ സമരവേദിയിലേക്കു മാറാനായിരുന്നു സര്‍ക്കാറിന്‍റെ നിര്‍ദേശം. എന്നാല്‍,​ വേദി മാറില്ലെന്നും ഉപാധിവച്ചുള്ള ചര്‍ച്ചയ്ക്ക് താല്‍പര്യമില്ലെന്നും ചര്‍ച്ച വേണമെങ്കില്‍ സമരവേദിയിലേക്കു വരണമെന്നും കര്‍ഷക സംഘടനകള്‍ അറിയിക്കുകയായിരുന്നു. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍നിന്ന് ഒരിഞ്ചു പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.