സോളാര്‍ കേസില്‍ അന്വേഷണം ആവശ്യപ്പെടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സത്യം പുറത്ത് വന്നതില്‍ സന്തോഷമുണ്ടെന്നും പ്രതിപക്ഷ നേതാവ് കോഴിക്കോട്ട് പറഞ്ഞു. സോളാര്‍ കേസില്‍ രാഷ്ട്രീയ ഗൂഢാലോചന പുറത്ത് വന്നെന്നും ശരണ്യ മനോജിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ ഗുരുതര ആരോപണവുമായാണ് കേരളാ കോണ്‍ഗ്രസ് ബി മുന്‍ ജനറല്‍ സെക്രട്ടറിയും ഗണേഷിന്റെ സന്തത സഹചാരിയുമായിരുന്ന സി. മനോജ് കുമാര്‍ ഇന്നലെ രംഗത്ത് എത്തിയത്. സോളാര്‍ കേസ് വഴിതിരിച്ചുവിട്ടതിന് പിന്നില്‍ ഗണേഷ് കുമാറാണെന്നാണ് ആരോപണം.

പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗീക ആരോപണം ഉണ്ടായിരുന്നില്ല. ലൈംഗീക ആരോപണം ഗണേഷ്‌കുമാറും പിഎയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തതാണെന്നും സി. മനോജ് കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഉമ്മന്‍ചാണ്ടിയെക്കുറിച്ച് കത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. കണ്ടുവെന്ന് മാത്രമാണ് പരാമര്‍ശം. അല്ലാതെ ലൈംഗീക ആരോപണം അതില്‍ ഉണ്ടായിരുന്നില്ലെന്നും മനോജ് കുമാര്‍ പറഞ്ഞിരുന്നു.