ആരാധകര്‍ ഏറെ കാലം കാത്തിരുന്ന കോംബോ ആയിരുന്നു മോഹന്‍ലാല്‍ – ലാല്‍ ജോസ് ടീമിന്റെത്. മുമ്പ്‌ നിരവധി തവണ സിനിമകള്‍ പ്ലാന്‍ ചെയ്‌തെങ്കിലും അതൊന്നും നടന്നിരുന്നില്ല. ഒടുവില്‍ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിച്ചെങ്കിലും സിനിമ വേണ്ടത്ര വിജയമായില്ല.

വെളിപാടിന്റെ പുസ്തകം പെട്ടന്ന് ചെയ്യേണ്ടി വന്ന പ്രോജക്‌ട് ആയിരുന്നെന്നും തിരക്കുകൂട്ടാതെ ‘ഒടിയന്‍’ കഴിഞ്ഞിട്ട് മതി നമ്മുടെ സിനിമ എന്ന് തീരുമാനിച്ചിരുന്നെങ്കില്‍ അത് നന്നായേനെയെന്നുമാണ് ചിത്രത്തെ കുറിച്ച്‌ ലാല്‍ ജോസ് പറയുന്നത്.

ലാലേട്ടനുവേണ്ടി മൂന്ന് സബ്ജക്ടുകള്‍ ആലോചിച്ചിരുന്നു. പല കാരണങ്ങള്‍കൊണ്ട് അതൊന്നും നടന്നില്ല. വളരെ യാദൃച്ഛികമായി ബെന്നി പി. നായരമ്പലം തന്നോടു പറഞ്ഞ ചിന്തയില്‍നിന്നാണ് ‘വെളിപാടിന്റെ പുസ്തകം’ പിറക്കുന്നതെന്ന് ലാല്‍ ജോസ് പറഞ്ഞു.

നടനല്ലാത്ത ഒരാള്‍ പ്രത്യേക സാഹചര്യത്തില്‍ കഥാപാത്രമായി അഭിനയിക്കേണ്ടിവരുന്നു. ആ വേഷം അയാളില്‍നിന്ന് ഇറങ്ങിപ്പോകാതിരിക്കുന്നു എന്നതാണ് ബെന്നി പറഞ്ഞ ചിന്ത. അതൊരു ഇന്റര്‍നാഷണല്‍ വിഷയമാണെന്ന് തനിക്കുതോന്നി. ക്ലാസിക് ആവേണ്ട സിനിമയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എന്ത് സംഭവിച്ചു എന്ന് പറയാന്‍ പറ്റുന്നില്ല. വെറും ഒമ്പതു ദിവസംകൊണ്ടാണ് അതിന്റെ വണ്‍ലൈന്‍ പൂര്‍ത്തിയാക്കിയത്. ‘ഒടിയന്‍’ തുടങ്ങുന്നതിനുമുമ്ബ് ലാലേട്ടന് ഒരു ഗ്യാപ്പ് ഉണ്ടായിരുന്നു. അവര്‍ തന്നെയാണ് ചിത്രം നിര്‍മിച്ചതും. നിങ്ങളിപ്പോള്‍ റെഡിയാണെങ്കില്‍ സിനിമ ചെയ്യാമെന്ന് ആന്റണി പെരുമ്ബാവൂര്‍ പറഞ്ഞപ്പോള്‍ താനും സമ്മതം മൂളി. ലാല്‍ ജോസ് പറയുന്നു.