കൊല്ലം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അടച്ചിടപ്പെട്ട ചടയമംഗലം ജടായു ടൂറിസം പദ്ധതി വിനോദസഞ്ചാരികള്‍ക്കായി തുറന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നവംബര്‍ 16 മുതല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജടായു ടൂറിസം പദ്ധതിയിലെ കേബിള്‍ കാര്‍ കമ്ബനിയായ ഉഷ ബ്രെക്കോ ലിമിറ്റഡ് സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന് നേതൃത്വം നല്‍കിയവരെ ആദരിക്കുന്നു. ഡിസംബര്‍ 18 വരെ ജടായു എര്‍ത്ത് സെന്റര്‍ സന്ദര്‍ശിക്കുന്ന കോവിഡ് പോരാളികള്‍ക്കും അവര്‍ക്കൊപ്പമുള്ള രണ്ടു പേര്‍ക്കും 50 ശതമാനം ടിക്കറ്റ് നിരക്ക് ഇളവ് ലഭിക്കും.

ഡോക്ടര്‍ന്മാര്‍, നേഴ്സുമാര്‍, മെഡിക്കല്‍ പി ജി, യു ജി വിദ്യാര്‍ത്ഥികള്‍, ദിശ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, ഫാര്‍മസിസ്റ്റ്, ലാബ് ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ആംബുലന്‍സ് ഡ്രൈവറന്മാര്‍, കോവിഡ് 19 വോളന്റീയറന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായിരിക്കും ടിക്കറ്റ് ഇളവ് ലഭിക്കുക. ജടായു സന്ദര്‍ശനത്തിനയത്തുന്നവര്‍ തങ്ങളുടെ ഐ ഡി കാര്‍ഡുകള്‍ ഡിജിറ്റലായോ അല്ലാതെയോ ടിക്കറ്റ് കൗണ്ടറില്‍ ഹാജരാക്കിയാല്‍ ഇളവ് ലഭിക്കും. ഇവര്‍ക്കൊപ്പം വരുന്ന രണ്ട് പേര്‍ക്ക് കൂടി 50 ശതമാനം ഇളവ് ലഭിക്കും.

കോവിഡ് മഹാമാരിയില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ കേരളം സമൂഹത്തിന് നല്‍കുകയും കേരളത്തിന്റ കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ വിജയകരമായി നിലയില്‍ എത്തിക്കുന്നതിനും സഹായിച്ച കോവിഡ് പോരാളികള്‍ ലോകത്തിന് തന്നെ മാതൃകയാണ്. അവരോടുള്ള സ്നേഹവും ആദരവുമാണ് തങ്ങള്‍ ഇത്തരമൊരു ശ്രമത്തിലൂടെ നടത്തുന്നതെന്ന് ഉഷ ബ്രെക്കോ ലിമിറ്റഡ് കമ്ബനി എം ഡി അപൂര്‍വ ജാവര്‍ പറഞ്ഞു.