ന്യൂഡൽഹി : ന്യൂസിലാൻഡ് പാർലമെന്റിൽ സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്ത ഇന്ത്യൻ വംശജന് അനുമോദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണ പസഫിക് രാഷ്ട്രങ്ങളിൽ ആദ്യമായി സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ വംശജനായ എംപി ഡോ. ഗൗരവ് ശർമ്മയെയാണ് പ്രധാനമന്ത്രി അനുമോദിച്ചത്. മൻ കി ബാത്ത് പരിപാടിയുടെ 71 ാമത് സംപ്രേക്ഷണത്തിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്.ഹിമാചൽ പ്രദേശിലെ ഹിമപൂർ വംശജനായ ഡോ. ഗൗരവ് ശർമ്മ കഴിഞ്ഞ ദിവസമാണ് ന്യൂസിലാൻഡ് പാർലമെന്റിൽ സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. ന്യൂസിലാൻഡിലെ പ്രാദേശിക ഭാഷയായ മാവോരിയിലാണ് പിന്നീട് ക്ലാസിക് ഭാഷയായ സംസ്‌കൃതത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇന്ത്യയിലെയും ന്യൂസിലാൻഡിലെയും സംസ്‌കാരങ്ങളോടുള്ള അതീവ ബഹുമാനമാണ് ഇതിലൂടെ അദ്ദേഹം കാണിച്ചു തന്നത്.

ഇന്ന് നടന്ന മൻ കി ബാത് പരിപാടിയിലൂടെയാണ് പ്രധാനമന്ത്രി ഈ വിഷം എടുത്തുപറഞ്ഞത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ന്യൂസിലാൻഡ് എംപി ഡോ. ഗൗരവ് ശർമ്മ അതിപുരാതന ഭാഷയായ സംസ്‌കൃതത്തിലാണ് സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. ഇന്ത്യൻ സംസ്‌കാരത്തെ ഉയർത്തിപ്പിടിക്കുന്നതിലൂടെ ഇന്ത്യയുടെ പ്രതാപം വർദ്ധിപ്പിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി പറഞ്ഞു. മൻ കി ബാത് പരിപാടിയിലൂടെ എല്ലാവിധ ആശംസകളും നേരുന്നതായും ന്യൂസിലാൻഡ് ജനതയ്ക്ക് വേണ്ടി സേവനമനുഷ്ടിക്കുന്നതിലൂടെ വലിയ ഉയരങ്ങളിലെത്താൻ ഏവരും ആശംസിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ഇതിനു പിന്നാലെ ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂറും ഡോ. ഗൗരവ് ശർമ്മയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം സന്ദേശം പങ്കുവച്ചത്. ഹിമാചൽ പ്രദേശിലെ ഹിമപൂർ വംശജനായ ഡോ. ഗൗരവ് ശർമ്മ ന്യൂസിലാൻഡ് പാർലമെന്റിൽ സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്തതിലൂടെ രാജ്യത്തെ അഭിമാനത്തിന്റെ കൊടുമുടിയിൽ എത്തിച്ചിരിക്കുകയാണ്. ഇന്ത്യൻ സംസ്‌കാരം പ്രകടിപ്പിച്ചതിലൂടെ എല്ലാവർക്കും പ്രചോദനമായിരിക്കുകയാണ് ഡോ. ഗൗരവ് ശർമ്മയെന്നും അദ്ദേഹം അറിയിച്ചു.