കൊച്ചി: മലങ്കര സഭാ തർക്കത്തിൽ സർക്കാർ ഏറ്റെടുത്ത 52 പള്ളികൾക്ക് മുന്നിൽ സത്യാഗ്രഹ സമരം ആരംഭിച്ച് യാക്കോബായ വിഭാഗം. പള്ളി ഏറ്റെടുക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ നിയമ നിർമ്മാണം കൊണ്ടുവരണമെന്നും അതിനുള്ള ശ്രമങ്ങൾ ഉണ്ടായില്ലെങ്കിൽ കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നും യാക്കോബായ സഭ നേതൃത്വം വ്യക്തമാക്കി. സഭാ മെത്രാപ്പൊലിത്തീൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസാണ് ഇക്കാര്യം അറിയിച്ചത്.

സർക്കാർ ഏറ്റെടുത്ത 52 പള്ളികൾക്ക് മുന്നിലാണ് യാക്കോബായ വിശ്വാസികൾ റിലേ സത്യാഗ്രഹ സമരം ആരംഭിച്ചത്. സഭാ തർക്കത്തിൽ ഓർത്തഡോക്‌സ് വിഭാഗവുമായി ഇനി ചർച്ചക്കില്ലെന്ന് യാക്കോബായ സഭ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പള്ളികൾ ഏറ്റെടുക്കുന്നത് നീതി നിഷേധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യാക്കോബായ സഭ സമര പരിപാടികൾ ശക്തമാക്കാൻ തീരുമാനിച്ചത്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്നു വന്നിരുന്ന ചർച്ചകളിൽ നിന്ന് ഓർത്തഡോക്‌സ് വിഭാഗം പിൻമാറിയതിന് പിന്നാലെയാണ് യാക്കോബായ സഭ നിലപാട് കടുപ്പിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ചകൾ നടക്കുമ്പോൾ തന്നെ ചതിയിലൂടെയും വഞ്ചനയിലൂടെയും ഓർത്തഡോക്‌സ് സഭ പള്ളി ഏറ്റെടുക്കുകയാണെന്നാണ് യാക്കോബായ സഭയുടെ ആരോപണം. പള്ളികൾക്ക് മുന്നിലെ സമരത്തോടൊപ്പം തന്നെ സെക്രട്ടറിയേറ്റ് പടിക്കലും ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിലും സമരം നടത്താൻ സഭാ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.