ന്യൂഡൽഹി : ലഡാക്ക് അതിർത്തിയ്ക്ക് സമീപത്തെ ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾ. ദക്ഷിണ ചൈന സമുദ്ര മേഖലയിലേതിന് സമാനമായ രീതിയിൽ ഇന്ത്യൻ അതിർത്തിയിലും ചൈന പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തി പറഞ്ഞു. അന്താരാഷ്ട്ര മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ദക്ഷിണ ചൈന സമുദ്ര മേഖലയിൽ ദ്വീപുകൾ നിർമ്മിച്ച് പ്രദേശം കയ്യടക്കാനുള്ള ശ്രമമാണ് ചൈന നടത്തുന്നത്. വസ്തുതകൾ മാറ്റാനുള്ള ചൈനയുടെ പരിശ്രമത്തെക്കുറിച്ച് തങ്ങൾക്ക് നേരത്തെ അറിയാമായിരുന്നു. 1.3 മില്യൺ ചതുരശ്ര മൈൽ പ്രദേശം തങ്ങളുടേതാണെന്നാണ് ചൈനയുടെ വാദം. ബ്രൂനേ, മലേഷ്യ, ഫിലിപ്പൈൻസ്, തായ്‌വാൻ , വിയറ്റ്‌നാം എന്നിരാജ്യങ്ങളും തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന പ്രദേശത്ത് ചൈന സൈനിക താവളങ്ങളും, കൃത്രിമ ദ്വീപുകളും നിർമ്മിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചൈനയ്‌ക്കെതിരായ പോരാട്ടത്തിൽ അമേരിക്ക എന്നും ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളും. ഇന്തോ-പസഫിക് മേഖലയുടെ സംരക്ഷണം തങ്ങളുടെ കൂടി ഉത്തരവാദിത്വമാണ്. ഖ്വാഡ് രാജ്യങ്ങളുടെ മലബാർ നാവികസേന അഭ്യാസ പ്രകടനം മേഖലയുടെ സംരക്ഷണത്തിനായി രാജ്യങ്ങൾ ഒന്നിച്ച് നിൽക്കുമെന്ന സൂചനയാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.