വീണ്ടും അമേരിക്കയിലേക്ക് ചിറകുകള്‍ വിടർത്തി ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനി എയര്‍ ഇന്ത്യ. ഹൈദരാബാദില്‍ നിന്നും ചിക്കാഗോയിലേക്ക് 2021 ജനുവരി 13 മുതൽ മാര്‍ച്ച്‌ 26 വരെ നോണ്‍ സ്റ്റോപ്പ് ഫ്ലൈറ്റ് സർവീസ് ആരംഭിക്കുമെന്ന് എയർലൈൻ അറിയിച്ചു. ദക്ഷിണേന്ത്യയും യുഎസും തമ്മിലുള്ള ആദ്യത്തെ ഷെഡ്യൂൾഡ് സർവീസായിരിക്കും ഇത്.

ഇതു കൂടാതെ, 2021 ജനുവരി മുതൽ ബെംഗളൂരുവിനും സാൻ ഫ്രാൻസിസ്കോയ്ക്കുമിടയിലുള്ള ആദ്യത്തെ നോണ്‍ സ്റ്റോപ്പ് വിമാനസര്‍വീസും എയർലൈൻ ബുധനാഴ്ച പ്രഖ്യാപിച്ചു. ഇതിന്‍റെ തീയതി തീരുമാനിച്ചിട്ടില്ല. ഈ രണ്ടു റൂട്ടുകളിലും യുഎസ് ഗതാഗത സുരക്ഷാ അഡ്മിനിസ്ട്രേഷൻ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് മുതിർന്ന എ‌ഐ‌ഐ ഉദ്യോഗസ്ഥൻ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്കായി http://airindia.in സന്ദർശിക്കാം. എയർ ഇന്ത്യ വെബ്‌സൈറ്റ്, ബുക്കിങ് ഓഫീസുകൾ, അംഗീകൃത ട്രാവൽ ഏജന്റുകൾ എന്നിവ വഴി ബുക്കിംഗ് ആരംഭിച്ചതായി എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തു.

അമേരിക്കയില്‍ നിന്നുള്ള വിമാനക്കമ്പനികളും എയര്‍ ഇന്ത്യയും നടത്തുന്ന ദീര്‍ഘദൂര സര്‍വീസുകളില്‍ ദൂരത്തിന്‍റെ അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനമായിരിക്കും ബെംഗളൂരു-സാൻ ഫ്രാൻസിസ്കോ സര്‍വീസിന്. ആകെ 14,003 കിലോമീറ്റര്‍ ദൂരമായിരിക്കും ഈ വിമാനം സഞ്ചരിക്കുക.

നിലവിൽ ഇന്ത്യയിൽ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നും യുഎസ് നഗരങ്ങളായ ന്യൂയോർക്ക് (ഇഡബ്ല്യുആർ), സാൻ ഫ്രാൻസിസ്കോ, വാഷിംഗ്ടൺ തുടങ്ങിയവയിലേക്ക് ദീര്‍ഘദൂര ഫ്ലൈറ്റുകള്‍ ഉണ്ട്. യുണൈറ്റഡ്, എയർ കാനഡ, ഡെൽറ്റ എന്നീ എയര്‍ലൈന്‍ കമ്പനികളുമായി കൈകോര്‍ത്താണ് എയർ ഇന്ത്യ ഈ സേവനങ്ങള്‍ ഒരുക്കുന്നത്. 15 മുതൽ 16 മണിക്കൂർ വരെ സമയമെടുക്കുന്ന യാത്രകളാണിത്.