കോവിഡ് ശ്വാസകോശത്തിന് ഏല്‍പ്പിക്കുന്ന നാശത്തെ കുറിച്ച്‌ നമ്മളെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് കുറച്ച്‌ കാലമായി പുറത്ത് വരുന്നത്. അത്തരം റിപ്പോര്‍ട്ടുകള്‍ക്കിടെ ഇതാ ആശ്വാസം പകരുന്ന ഒരു ഗവേഷണ പഠനം.

കോവിഡ് തീവ്രമായി ബാധിച്ച രോഗികളില്‍ നല്ലൊരു ശതമാനത്തിനും മൂന്നു മാസത്തിനുള്ളില്‍ ശ്വാസകോശം സുഖപ്പെട്ട് പഴയ നിലയിലാകുമെന്ന് നെതര്‍ലന്‍ഡ്സിലെ റാഡ്ബൗഡ് സര്‍വകലാശാല നടത്തിയ പഠനം പറയുന്നു. കോവിഡ് ബാധിച്ച 124 രോഗികളെയാണ് പഠനത്തിന്റെ ഭാഗമായി നിരീക്ഷിച്ചത്. ഇവരെ മൂന്ന് സംഘങ്ങളായി തിരിച്ചു.

1.കോവിഡ് മൂലം ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍.

2.കോവിഡ് മൂലം ആശുപത്രിയിലെ നഴ്സിങ്ങ് വാര്‍ഡില്‍ അഡ്മിറ്റായവര്‍

3.കോവിഡ് ബാധിച്ച്‌ വീട്ടിലിരുന്ന ശേഷം തുടര്‍ച്ചയായ ലക്ഷണങ്ങള്‍ മൂലം ഡോക്ടര്‍മാരാല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യപ്പെട്ടവര്‍.

മൂന്നു മാസത്തിനു ശേഷം ഇവരുടെ ആരോഗ്യ നിലയറിയാന്‍ സിടി സ്കാനും ലങ് ഫങ്ഷണല്‍ ടെസ്റ്റും അടക്കമുള്ള പരിശോധനകള്‍ നടത്തുകയും നീണ്ടു നില്‍ക്കുന്ന നാശം ഭൂരിഭാഗം കേസുകളിലും ഉണ്ടായിട്ടില്ലെന്ന് പഠനത്തില്‍ കണ്ടെത്തി. ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളില്‍ ചിലര്‍ക്ക് മാത്രമാണ് ഇത്തരം സങ്കീര്‍ണത കണ്ടെത്തിയത്.

മൂന്നു മാസത്തിനു ശേഷം രോഗം ബാധിച്ചവരിലുണ്ടായിരുന്നത് ക്ഷീണം, ശ്വാസം മുട്ടല്‍, നെഞ്ചു വേദന എന്നിവയായിരുന്നു. എന്നാല്‍ കടുത്ത ന്യുമോണിയയും അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോമും ബാധിക്കപ്പെട്ട രോഗികള്‍ക്ക് ഉണ്ടായ തരത്തിലുള്ള രോഗമുക്തി ക്രമമാണ് കോവിഡ് രോഗികളിലും ഉണ്ടായതെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ബ്രാം വാന്‍ ഡെന്‍ ബോര്‍സ്റ്റ് പറയുന്നു.