പൊലീസ് അനുമതി നല്‍കിയതോടെ ഡല്‍ഹി ബുറാഡി നിരങ്കാരി മൈതാനത്ത് കര്‍ഷകര്‍ സംഘടിച്ചെത്തി. ഡല്‍ഹിയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ഉറച്ച നിലപാടില്‍ പൊലീസ് തുടരുമ്പോഴും രാംലീല മൈതാനം കേന്ദ്രീകരിച്ച് പ്രതിഷേധം മാറ്റാനുള്ള ശ്രമം കര്‍ഷകര്‍ നടത്തുകയാണ്.

സിംഗു ഒഴികെയുള്ള മറ്റ് അതിര്‍ത്തികള്‍ തുറന്നതോടെ ബുറാഡി നിരങ്കാരി മൈതാനത്ത് രാവിലെ മുതല്‍ തന്നെ ആയിരക്കണക്കിന് കര്‍ഷകര്‍ എത്തി. ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗം പേരും. പതിനായിരം പേരെ ഉള്‍ക്കൊള്ളാവുന്ന ബുറാഡിയില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ഷകര്‍ എത്തും. സമാധാനപരമായിരുന്നു ബുറാഡിയിലെ കര്‍ഷകരുടെ പ്രതിഷേധം.

കര്‍ഷക സമരത്തിന് പിന്തുണ നല്‍കി സാമൂഹ്യ പ്രവര്‍ത്തക മേധാ പട്കറും ബുറാഡിയിലെത്തി. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് മേധാപട്കര്‍ ട്വന്റി ഫോറിനോട് പ്രതികരിച്ചത്.

മൈതാനത്ത് കര്‍ഷകര്‍ക്ക് വേണ്ട വെള്ളവും, ശുചിമുറികള്‍ ഒരുക്കി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി ചര്‍ച്ച നടത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും കര്‍ഷക സമരം തുടരുകയാണ്. മൈതാനത്തിന് പുറത്തും നഗരത്തിലുടനീളം പൊലീസിന്റെയും കേന്ദ്രസേനയുടെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.