പി.പി.ചെറിയാന്‍

വാഷിങ്ടൻ ഡിസി ∙ ഇറാൻ ആണവ പദ്ധതികളുടെ ശിൽപി എന്നറിയപ്പെടുന്ന മൊഹ്സിൻ ഫക്രിസദെയുടെ (63) കൊലപാതകത്തെ ബറാക് ഒബാമയുടെ ഭരണകാലത്ത് സിഐഎ ഡയറക്ടറായിരുന്ന ജോൺ ബ്രണ്ണൻ ശക്തമായ ഭാഷയിൽ അപലപിച്ചു.

സംഭവത്തെ ക്രിമിനൽ ആക്ടെന്നും, ഹെയ്‍ലി റെക്‌ലസ് എന്നും (CRIMINAL ACT AND HIGHLY RECKLESS) എന്നുമാണ് നവംബർ 27 വെള്ളിയാഴ്ച ബ്രണ്ണൻ ട്വിറ്ററിൽ കുറിച്ചത്. ഇതു മറ്റൊരു ആണവ തിരിച്ചടിയിലേക്ക് നയിക്കുമെന്നും ബ്രണ്ണൻ ആശങ്ക പ്രകടിപ്പിച്ചു.

ഇറാൻ ഉയർന്ന ഉദ്യോഗസ്ഥൻ ജനറൽ ക്വാസിം സൊളിമാനിയുടെ വധത്തിനുശേഷം ഏകദേശം ഒരുവർഷം തികയുന്നതിനു മുമ്പാണ് ഇറാനു മറ്റൊരു ക്ഷതമേറ്റിരിക്കുന്നത്. യുഎസ് മിലിട്ടറി ഡ്രോൺ ആക്രമണത്തിലാണ് ക്വാസിം കൊല്ലപ്പെട്ടതും.

അമേരിക്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബൈഡൻ വൈറ്റ് ഹൗസിൽ എത്തിയതിനുശേഷം നയതന്ത്രതലത്തിൽ പ്രശ്നം അവതരിപ്പിക്കുന്നതു വരെ ഇറാൻ അധികൃതർ ക്ഷമയോടെ ഇരിക്കണമെന്നും ബ്രണ്ണൻ അഭ്യർഥിച്ചു. സംഭവത്തെ കുറിച്ചു പ്രതികരിക്കുന്നതു ട്രംപ് ഇതുവരെ തയാറായിട്ടില്ല.

ഇറാൻ ന്യുക്ലിയർ ശാസ്ത്രജ്ഞൻ മൊഹ്സിൻ സഞ്ചരിച്ചിരുന്ന കാറിനു നേരെ തോക്കുധാരികൾ നടത്തിയ വെടിവെയ്പിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയം ശരിവച്ചു. കൊലപാതകം ആസൂത്രണം ചെയ്തതു ഇസ്രായേലാണെന്ന് ഇറാൻ ആരോപിച്ചു. ഇറാൻ റവല്യൂഷ്യനറി ഗാർഡ് അംഗം കൂടിയായിരുന്ന മൊഹ്സിൻ മിസ്സൈൽ നിർമ്മാണത്തിലും വിദഗ്ധനായിരുന്നു.