പി.പി.ചെറിയാന്‍

കലിഫോർണിയ ∙ ഇന്ത്യൻ അമേരിക്കൻ വിദ്യാർഥികളായ ഇരട്ട സഹോദരിമാർ 2020 ലെ റെയർ വോയ്സ് എബി അവാർഡ് (RARE VOICE EABY AWARD) ഫൈനലിസ്റ്റുകളായി തിരഞ്ഞെടുക്കപ്പെട്ടു. ഒൻപതു സംസ്ഥാനങ്ങളിലെ 15 മുതൽ 78 വയസ്സു വരെയുള്ള 11 റെയർ ഡിസീസ് ഗ്രൂപ്പുകളിലെ 24 ഫൈനലിസ്റ്റുകളിലാണ് ഇരട്ട സഹോദരിമാരായ ഈഷയും ആര്യയും ഉൾപ്പെട്ടിരിക്കുന്നത്. ടീൻ അഡ്വക്കസി കാറ്റഗറിയിലാണ് ഇരുവരും. കലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്വാറി ലെയ്ൻ സ്കൂൾ ജൂനിയേഴ്സാണ്.

ചില വർഷങ്ങൾക്കു മുൻപ് ഇരുവരും ചേർന്ന് ലോക്കൽ കമ്മ്യൂണിറ്റി സെന്ററിൽ ഇൻഷ്വറൻസ് ഇല്ലാത്തവർക്കായി സൗജന്യ ഹെൽത്ത് അഡ്‍വൈസറി ക്ലിനിക്ക് ഓപ്പൺ ചെയ്തിരുന്നു. കരൾ സംബന്ധരോഗങ്ങളെ കുറിച്ചു ഗവേഷണം നടത്തുന്നതിൽ തൽപരരായ ഇവർ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ഏഷ്യൻ ലിവർ സെന്ററുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്നു.

കമ്മ്യൂണിറ്റി സർവീസിൽ ഇവരുടെ സേവനങ്ങളെ പരിഗണിച്ചു പ്രസിഡൻഷ്യൽ വോളണ്ടിയർ സർവീസ് അവാർഡിന് ഇവരെ തിരഞ്ഞെടുത്തിരുന്നു.റെയർ വോയ്സ് അവാർഡിന്റെ ഒൻപതാം വാർഷികാഘോഷങ്ങൾ ഡിസംബർ 10 വൈകിട്ട് 7 മുതൽ 8 വരെ (ഇസ്റ്റേൺ ടൈം) തൽസമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.

അമേരിക്കയിലെ 30 മില്യൺ ജനങ്ങളാണ് വളരെ അസാധാരണ രോഗങ്ങൾക്ക് അടിമകളായി കഴിയുന്നത്. ഇത്തരം രോഗികളെ ശുശ്രൂഷിക്കുന്നതിനും, അവർക്കാവശ്യമായ നിർദേശങ്ങൾ നൽകുന്നതിനും സേവന സന്നദ്ധരായവരെയാണ് റെയർ വോയ്സ് അവാർഡ് നൽകി ആദരിക്കുന്നത്.