പി.പി.ചെറിയാന്‍
ലൊസാഞ്ചൽസ് ∙ അമേരിക്കയിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കലിഫോർണിയയിലെ ലൊസാഞ്ചസിൽ കോവിഡ് 19 മഹാമാരി രൂക്ഷമായതിനെ തുടർന്ന് നവംബർ 30 തിങ്കളാഴ്ച മുതൽ മൂന്നാഴ്ചത്തേക്ക് സ്റ്റേ അറ്റ് ഹോം ഉത്തരവ് നിലവിൽ വരും.

പത്തുമില്യൺ പേർ താമസിക്കുന്ന ലോസ് കൗണ്ടിയിൽ നവംബർ 27 വെള്ളിയാഴ്ച മാത്രം 4544 പേർക്ക് കൊറോണ വൈറസ് പോസിറ്റീവും 24 മരണവും സംഭവിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.കഴിഞ്ഞ അഞ്ചു ദിവസമായി കൗണ്ടിയിൽ പ്രതിദിനം 4500 കേസ്സുകൾ കണ്ടെത്തിയിട്ടുണ്ട്.

മൂന്നാഴ്ചക്കാലം കഴിവതും എല്ലാവരും വീട്ടിൽ തന്നെ കഴിയണമെന്നും അത്യാവശ്യം പുറത്തു പോകുന്നവർ കർശന പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും മാസ്ക്ക് നിർബന്ധമായും ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്.
ചർച്ച് സർവീസ്, പ്രതിഷേധ പ്രകടനങ്ങൾ എന്നിവ ഭരണഘടനാ വിധേയമായതിനാൽ ഈ ഉത്തരവിൽ നിന്നും ഒഴിവായിരിക്കുമെന്നും കൗണ്ടി പബ്ലിക് ഹെൽത്ത് അധികൃതർ അറിയിച്ചു. കൊറോണ വൈറസ് കേസ്സുകൾ കൂടുതൽ കണ്ടെത്തുന്നത് ബ്ലാക്ക്, ലാറ്റിനൊ വിഭാഗത്തിലാണ്. ഇതിന്റെ കാരണം എന്താണെന്ന് പരിശോധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

ഇങ്ങനെ എത്രകാലം പോകുമെന്നറിയില്ല, കഴിവതും അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ചു ജീവിത ക്രമീകരിച്ചാൽ രോഗവ്യാപനവും മരണവും തടയാമെന്നും അധികൃതർ പറഞ്ഞു.