കേരളത്തിലെ പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും കോർപറേഷനുകളിലേക്കും ജനപ്രതിനിധികളെ കണ്ടെത്തുന്നതിനായി 2020 ഡിസംബർ മാസം 8, 10, 14 തീയതികളിൽ നടത്തപ്പെടുന്ന പൊതുതിരഞ്ഞെടുപ്പിൽ 8-ാo തീയതി കായകുളം നഗരസഭയിലെ 30-ാo വാർഡിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പാണ് അമേരിക്കൻ മലയാളികളുടെ ഇടയിലും സംസാരവിഷയമാകുന്നത്, സ്ഥാനാർഥി മറ്റാരുമല്ല എം എസ് എം സ്ക്കൂളിലെയും, എസ് എൻ സെൻട്രൽ സ്കൂളിലെയും മുൻ അധ്യാപികയും, എം എസ് എം കോളേജിലെ കെമിസ്ട്രി വിഭാഗം മേധാവിയായിരുന്ന പരേതനായ കെ ജി തങ്കപ്പൻ സാറിന്റെ ഭാര്യയുമായ ശ്രീമതി സുഷമ ടീച്ചറാണ് കായംകുളം നഗരസഭ മുപ്പതാം വാർഡിലെ യു ഡി എഫിന്റെ കരുത്തയായ സാരഥി.

നോർത്ത് അമേരിക്കയിലെ 76 ലധികം വരുന്ന മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫോമയുടെ ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്റെ അമ്മയാണ് ശ്രീമതി സുഷമ ടീച്ചർ എന്നതാണ് അമേരിക്കൻ മലയാളികളുടെ ശ്രദ്ധയിലേക്ക് ഡിസംബർ 8-ാo തീയതി കായകുളം നഗരസഭയിലെ 30-ാo വാർഡിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് വരുവാൻ കാരണം.
അമേരിക്കൻ സംഘടനകളിൽ നിന്നും, മലയാളികളിൽ നിന്നും ധനസമാഹരണം നടത്തി പ്രളയത്തിൽ വീട് നഷ്ടപ്പെട്ട നാൽപ്പതോളം കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചു കൊടുക്കുവാനും കൂടാതെ ആയിരക്കണക്കിന് ജനങ്ങൾക്ക് മറ്റു സഹായങ്ങളെത്തിക്കുവാനും മുൻപിൽ നിന്ന് പ്രവർത്തിച്ച ഉണ്ണികൃഷ്ണനു പ്രചോദനമേകിയതു കുടുംബപരമായി സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുവാൻ എന്നും മുൻപിലുണ്ടായിരുന്ന മാതാപിതാക്കൾ തന്നെയാവാം എന്നത് യാദൃശ്ചികം !

പ്രൊഫസർ തങ്കപ്പൻ സാറിന്റെയും തന്റെയും ബൃഹത്തായ വിദ്യാർഥിവലയമാണ് ഈ തിരഞ്ഞെടുപ്പിൽ തന്റെ ശക്തിയെന്നും തങ്ങൾ പഠിപ്പിച്ച വിദ്യാർഥികളും അവരുടെ കുട്ടികളും മാതാപിതാക്കളുമൊക്കെയടങ്ങുന്ന ഒരു വലിയ സമൂഹം തന്നെയാണ് തന്റെ സ്ഥാനാർഥിത്വത്തിനു പിന്നിലെന്നും മുപ്പതു വർഷത്തെ അധ്യാപന പാരമ്പര്യമുള്ള സുഷമ ടീച്ചർ പറയുന്നു,

സമഗ്ര വികസനം ആവശ്യമുള്ള കായംകുളം നഗരസഭയെയും 30-ാo വാർഡിനെയും കൂടാതെ അവിടുത്തെ നിവാസികൾക്കും കൂടുതൽ സൗകര്യങ്ങളും ,വികസനവുമെത്തിക്കുവാൻ നിങ്ങളെല്ലാവരുടെയും സഹായസഹകരണങ്ങൾ ഉണ്ടാവണമെന്ന് ശ്രീമതി സുഷമ ടീച്ചർ അഭ്യർഥിച്ചു,

ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ ( യൂ ഡി എഫ് ) മുന്നണിപ്പോരാളി നിങ്ങളുടെ സമ്മദിദാന അവകാശം സുഷമ ടീച്ചറിന് മൺവെട്ടി മൺകോരി അടയാളത്തിൽ രേഖപ്പെടുത്തി വൻ ഭൂരിപക്ഷത്തോട് കൂടി വിജയിപ്പിക്കണമെന്ന് ഫോമയുടെ പ്രസിഡന്റ് അനിയൻ ജോർജ് കായംകുളത്തെ നല്ലവരായ ജനങ്ങളോട് അഭ്യർഥിച്ചു,

വരുന്ന തിരഞ്ഞെടുപ്പിൽ ശ്രീമതി സുഷമ ടീച്ചറിനെ നിങ്ങളുടെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കുകയാണെങ്കിൽ അമേരിക്കയിലെ മലയാളികൾക്ക് സുഷമ ടീച്ചർ വഴി വാർഡിലെ ജനങ്ങൾക്ക് നേരിട്ട് കൂടുതൽ സഹായങ്ങൾ എത്തിക്കുവാനുള്ള സാദ്ധ്യതകൾ കൂടുതലാണെന്നു ഫോമാ ട്രഷറർ തോമസ് ടി ഉമ്മൻ പറഞ്ഞു,

ഫോമയുടെ ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്റെ അമ്മയും കായകുളം നഗരസഭയിലെ 30-ാo വാർഡ് സ്ഥാനാർഥിയുമായ ശ്രീമതി സുഷമ ടീച്ചറിന് എല്ലാ പ്രവാസി മലയാളി സമൂഹത്തിന്റെയും കുടുംബങ്ങളുടേയും സമ്പൂർണ പിന്തുണ ഉണ്ടാകണമെന്നും എല്ലാവിധ വിജയാശംസകളും ടീച്ചറിന് നേരുന്നുവെന്നും ഫോമാ വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ തുടങ്ങിയവർ അറിയിച്ചു.

വാർത്ത : ജോസഫ് ഇടിക്കുള (ഫോമാ ന്യൂസ് ടീം)