ബെയ്ജിങ്: അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്നവരുടെ ശരീരത്തിലെ അവയവങ്ങള്‍ അനധികൃതമായി നീക്കം ചെയ്ത് വില്‍ക്കുന്ന മാഫിയ സംഘം പിടിയില്‍. ചൈനയിലാണ് നടുക്കുന്ന സംഭവം. 2018ല്‍ നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നത്. സംഘത്തിലെ ഡോക്ടര്‍മാരുള്‍പ്പെടെ ആറ് പേരാണ് അറസ്റ്റിലായത്.

അന്‍ഹ്യു പ്രവിശ്യയിലെ ഹുവൈവാന്‍ കൗണ്ടി പീപ്പിള്‍സ് ആശുപത്രിയില്‍ 2017നും 2018നും ഇടയില്‍ 11 പേരുടെ വൃക്കയും കരളും സമ്മതമില്ലാതെ സംഘം നീക്കം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

2018ല്‍ ആശുപത്രിയില്‍വച്ചു മരിച്ച ഒരാളുടെ മകന് ഡോക്ടര്‍മാരുടെ നടപടികളില്‍ സംശയം തോന്നിയതിനു പിന്നാലെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനു ശേഷം ജൂലൈയിലാണ് ആറ് പേരേ അറസ്റ്റ് ചെയ്തത്. എന്നാല്‍ പരാതിക്കാരന്‍ പ്രാദേശിക മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ ഇപ്പോഴാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.

കാര്‍ അപകടത്തില്‍ പരുക്കേറ്റ് മസ്തിഷ്ക മരണം സംഭവിക്കുന്നവരെയാണ് സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിന്റെ മേധാവി യാങ് സുക്സുന്‍ പരുക്കേറ്റയാളുടെ ബന്ധുക്കളെ സമീപിച്ച്‌ അവയവാദാനത്തിന് സമ്മതിപ്പിക്കുകയും സമ്മതപത്രം ഒപ്പിടിവിക്കുകയുമായിരുന്നു പതിവ്.

എന്നാല്‍ ഈ സമ്മതപത്രങ്ങള്‍ വ്യാജമായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അര്‍ധ രാത്രിയില്‍‌ ആശുപത്രിയുടെ പുറത്തു പാര്‍ക്ക് ചെയ്തിരുന്ന, ആംബുലന്‍സെന്ന് തോന്നിപ്പിക്കുന്ന വാനിനുള്ളില്‍ വച്ചാണ് രോഗികളുടെ അവയവങ്ങള്‍ നീക്കം ചെയ്തിരുന്നത്. ഇവ, മാഫിയ സംഘത്തിന്റെ തന്നെ ഭാഗമായിരുന്ന വ്യക്തികള്‍ക്കും മറ്റ് ആശുപത്രികള്‍ക്കും വില്‍ക്കുകയായിരുന്നു പതിവ്.

2018ല്‍ ഹുവൈവാന്‍ ആശുപത്രിയില്‍ വച്ചു മരിച്ച അമ്മയുടെ അവയവ ദാനത്തിന്റെ രേഖകള്‍ പുനഃപരിശോധിച്ചപ്പോള്‍ സംശയം തോന്നിയ ഷി ചിയാങ്‌ലിനാണ് അധികൃതര്‍ക്ക് പരാതി നല്‍‌കിയത്. രേഖകളിലെ പല ഭാഗങ്ങളും ശൂന്യമായിരുന്നെന്ന് ഷി പറഞ്ഞു.

അവയവങ്ങള്‍ ദാനം ചെയ്തവരുടെ പട്ടിക സൂക്ഷിക്കുന്ന രേഖകളില്‍ തന്റെ മാതാവിന്റെ പേരില്ലെന്നും ഷി കണ്ടെത്തി. ഇക്കാര്യങ്ങള്‍ പുറത്തു പറയാതിരിക്കാന്‍ തനിക്ക് വന്‍ തുക വാഗ്ദാനം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

2015വരെ തൂക്കിലേറ്റപ്പെട്ട കുറ്റവാളികളുടെ അവയവങ്ങളായിരുന്നു അവയവ മാറ്റത്തിന് ചൈനയിലെ ആശുപത്രികളില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ കടുത്ത വിമര്‍ശനം നേരിട്ടതിനെ തുടര്‍ന്ന് അഞ്ച് വര്‍ഷം മുന്‍പ് ഇത് നിര്‍ത്തലാക്കി. അതിനു ശേഷം രൂപീകരിച്ച നാഷനല്‍ ഓര്‍ഗന്‍ ബാങ്ക് വഴിയാണ് ഇപ്പോള്‍ അവയവദാനം ഔദ്യോഗികമായി നടക്കുന്നത്. എന്നാല്‍ അവയവ മാഫിയ സജീവമാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.