കാഠ്മണ്ഡു: നേപ്പാളിന്റെ ഭരണരംഗത്തുള്ള ചൈനയുടെ അനാവശ്യ ഇടപെടലിനെതിരെ ശക്തമായ തീരുമാനവുമായി ഒലി ഭരണകൂടം. നേപ്പാളിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ചൈനീസ് അംബാസിഡറിന് സ്വാതന്ത്ര്യം അനുവദിക്കില്ലെന്ന് നേപ്പാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയപരിപാടികളില്‍ പോലും ഇടപെട്ടുകൊണ്ടിരുന്ന ചൈനയുടെ പ്രധാന ഉദ്യോഗസ്ഥയെയാണ് നേപ്പാള്‍ സര്‍ക്കാര്‍ തടഞ്ഞത്. ചൈനീസ് അംബാസിഡറായ ഹൂ യാന്‍കിക്കെതിരെയാണ് തീരുമാനം.

നേപ്പാളിന്റെ ഭരണകാര്യത്തില്‍ ഇടപെടാന്‍ ഇനി ഹൂ യാന്‍കിയെ അനുവദിക്കില്ലെന്നാണ് ഒലി ഭരണകൂടം തീരുമാനിച്ചത്. നേപ്പാള്‍ പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡയുടെ ഹൂ യാന്‍കിക്കെതിരെ നിരന്തരമായി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.
നേപ്പാളിന്റെ ആഭ്യന്തര കാര്യത്തില്‍ പോലും നേരിട്ട് അഭിപ്രായം പറയുന്ന തരത്തിലേക്ക് ചൈനയുടെ കൈകടത്തല്‍ നേപ്പാള്‍ രാഷ്ട്രീയത്തില്‍ പ്രകടമായിരുന്നു. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനും ജനകീയ സമരങ്ങള്‍ക്കുമൊടുവിലാണ് ചൈനയ്ക്ക് മുന്നില്‍ നേപ്പാള്‍ ചുവപ്പുവര വരച്ചത്. ഹൂ യാന്‍കി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലിയുടെ ഓഫീസിലെ നിത്യസന്ദര്‍ശകയായിരുന്നു.

നേപ്പാള്‍ പാര്‍ലമെന്റിലെ ചര്‍ച്ചകളടക്കം പലതിലും അഭിപ്രായം പറയുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്ന തരത്തില്‍ ഹൂ യാന്‍കി ഒരു സമ്മര്‍ദ്ദ ശക്തിയായി മാറിയത് നേപ്പാളിന്റെ വിദേശനയത്തെ കാര്യമായി ബാധിച്ചിരുന്നു. സമീപകാലത്ത് ഇന്ത്യയ്‌ക്കെതിരെ അതിര്‍ത്തിവിഷയത്തില്‍ തര്‍ക്കം തുടങ്ങിയതും നേപ്പാളിലെ ഗ്രാമങ്ങള്‍ ചൈന കയ്യടക്കിവെച്ച വിഷയത്തിലെ എതിര്‍പ്പുകള്‍ ഇല്ലാതാക്കിയതും ഹൂ യാന്‍കിയുടെ തന്ത്രപരമായ ഇടപെടലിന് ശേഷമാണ്. ചൈനയ്‌ക്കെതിരെ ശബ്ദമുയര്‍ത്തി പത്രപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും കൊല്ലപ്പെട്ട സംഭവമടക്കം നിരവധി വിഷയത്തില്‍ ചൈനയുടെ പങ്കില്‍ പ്രതിപക്ഷം സംശയം പ്രകടിപ്പിച്ചിരുന്നു. ഇതും ഒലി ഭരണകൂടത്തിന് ക്ഷീണമായി.

നേപ്പാളിന്റെ പുതിയ തീരുമാനം ഇന്ത്യയുടെ ശക്തമായ ഇടപെടലാണെന്നാണ് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്ത്യന്‍ കരസേനാ മേധാവി, ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എന്നിവരുടെ തുടര്‍ച്ചയായ സന്ദര്‍ശനം നേപ്പാളില്‍ കാര്യമായ ചലനമാണ് ഉണ്ടാക്കിയി രിക്കുന്നത്. അതിര്‍ത്തിയായ കാലാപാനി, ലിംപിയാധുരാ, ലിപൂലേക് എന്നിവ കേന്ദ്രീകരിച്ചുണ്ടായ തര്‍ക്കവും പരിഹരിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഈ ആഴ്ചയില്‍ നേപ്പാള്‍ സന്ദര്‍ശിക്കാനിരിക്കുന്ന ചൈനീസ് സൈനിക മേധാവി ജനറല്‍ വീയുടെ സന്ദര്‍ശനത്തില്‍ നേപ്പാള്‍ സൈന്യത്തിനൊപ്പം നാലുമണിക്കൂര്‍ ചിലവഴിക്കുന്നതും ചൈനയുടെ തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഇത് മുന്‍കൂട്ടികണ്ടാണ് ഇന്ത്യയുടെ സൈനിക മേധാവിയുടേയും വിദേശകാര്യസെക്രട്ടറിയുടേയും സന്ദര്‍ശനം തുടര്‍ച്ചയായി നടത്തി ഇന്ത്യ തന്ത്രം പയറ്റിയത്.