കോഴിക്കോട്: കല്ല് ഇറക്കുന്നതിനിടെ പിന്നിലോട്ടു ഉരുണ്ടുപോയ ലോറി കിണറ്റില്‍ പതിച്ചു. കോഴിക്കോട് മുക്കം പുല്‍പ്പറമ്ബിന് സമീപമായിരുന്നു അപകടം. കിണറ്റില്‍ പതിക്കുന്ന സമയം ലോറിക്കു ഉള്ളിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും ചാടി രക്ഷപെടുകയായിരുന്നു. ഇരുവര്‍ക്കും നിസാര പരിക്കുകള്‍ മാത്രമാണുണ്ടായിരുന്നത്.

ചെറിയ കയറ്റമുള്ള പ്രദേശത്ത് കല്ലിറക്കിക്കൊണ്ടിരിക്കുമ്ബോഴാണ് ലോറി പിന്നിലോട്ടു ഉരുളാന്‍ തുടങ്ങിയത്. ഡ്രൈവര്‍ ബ്രേക്ക് ചവിട്ടി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അത് വിഫലമായി. സമീപത്തെ പുരയിടത്തിലുള്ള കണറ്റിനുനേര്‍ക്ക് ലോറി നീങ്ങിയതോടെ നാട്ടുകാര്‍ വിളിച്ചു പറഞ്ഞത് അനുസരിച്ചാണ് ഡ്രൈവറും ക്ലീനറും ചാടി രക്ഷപെട്ടത്. –

നീങ്ങിക്കൊണ്ടിരുന്ന ലോറിയില്‍നിന്ന് എടുത്തു ചാടിയ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും കാലിനും കൈയ്ക്കും പരിക്കേറ്റു. ഇവരെ മുക്കത്തെ ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി.

അഗ്നിശമന സേനയും പൊലീസും സന്നദ്ധ സേനാംഗങ്ങളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഏറെ ശ്രമഫലമായാണ് ലോറി കിണറ്റില്‍നിന്ന് പുറത്തെടുത്തത്. വടം കെട്ടി ക്രെയിനിന്‍റെ സഹായത്തോടെയായിരുന്നു ഇത്. പൂര്‍ണമായും തകര്‍ന്ന നിലയിലാണ് ലോറി പുറത്തെടുത്തത്.