ഫുട്ബോള്‍ ഇതിഹാസം ഡിയെഗോ മറഡോണയുടെ മരണം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് അദ്ദേഹത്തിന്റെ ആരാധകരില്‍ പലരും ഇതുവരെ മുക്തി നേടിയിട്ടില്ല. കാലുകള്‍കൊണ്ട് വിസ്മയം തീര്‍ത്ത മറഡോണയുടെ കരിയറില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൈകൊണ്ടുള്ള ഗോള്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ക്കും ആരാധിക്കുന്നവര്‍ക്കും ഒരിക്കലും മറക്കാനാകാത്ത സംഭവമാണ്. 1986 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ അന്ന് മറഡോണ അണിഞ്ഞ ആ ജേഴ്സി സ്വന്തമാക്കാന്‍ നിങ്ങള്‍ക്കും അവസരം. രണ്ട് മില്ല്യണ്‍ ഡോളറാണ് ആ ജേഴ്സിയുടെ മൂല്യം.

നിലവില്‍ ഇംഗ്ലിഷ് താരം സ്റ്റീവ് ഹോഡ്ജിന്റെ കൈവശമാണ് ജേഴ്സിയുള്ളത്. മത്സരത്തില്‍ ഇംഗ്ലണ്ട് താരം നല്‍കിയ ബാക്ക് പാസില്‍ നിന്നാണ് മറഡോണ വിവാദ ഗോള്‍ സ്വന്തമാക്കിയത്. അന്ന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ അര്‍ജന്റീന കിരീടവുമായാണ് മെക്സിക്കോയില്‍ നിന്ന് മടങ്ങിയത്.

“ഷര്‍ട്ട് നിലവില്‍ മാഞ്ചസ്റ്ററിലെ ഇംഗ്ലണ്ടിന്റെ ദേശീയ ഫുട്ബോള്‍ മ്യൂസിയത്തിലാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ‘ദൈവത്തിന്റെ കൈ’ ഷര്‍ട്ടിന്റെ മൂല്യം കണക്കാക്കുക പ്രയാസമാണ്. എന്നിരുന്നാലും ഉടമസ്ഥന്‍ 2 മില്ല്യണ്‍ ഡോളറിന് സ്വകാര്യ വില്‍പ്പനയ്ക്ക് ശ്രമിച്ചിരുന്നതായി എനിക്കറിയാം.” ഡേവിഡ് അമേര്‍മന്‍ പറഞ്ഞതായി റോയ്റ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫുട്ബോള്‍ ലോകത്തെ മറ്റൊരു വിലയേറിയ ലേലത്തിന് ഒരുങ്ങുകയാണ് ഡേവിഡ് അമേര്‍മന്‍ ഭാഗമായ ഗോള്‍ഡിന്‍ ഓക്ഷന്‍. 1970ല്‍ ബ്രസീലിനുവേണ്ടി മൂന്നാം ലോകകപ്പ് നേടിയ ശേഷം പെലെക്ക് ഫിഫ സമ്മാനിച്ച യൂല്‍സ് റിമറ്റ് ട്രോഫിയാണത്. 800000 ഡോളറാണ് ട്രോഫിയുടെ അടിസ്ഥാന വില.

1986 ജൂണ്‍ 22 ന് മെക്‌സിക്കന്‍ ലോകകപ്പിലെ അര്‍ജന്റീന – ഇംഗ്ലണ്ട് മത്സരത്തിലാണ് വിവാദ ഗോള്‍ പിറക്കുന്നത്. ഫുട്‌ബോള്‍ ലോകകപ്പ് സെമി. ആദ്യ പകുതി ഗോള്‍ രഹിതം. മറഡോണയുടെ ഗോളെന്നുറച്ച ഒന്നിലേറെ ഷോട്ടുകള്‍ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടണില്‍ തട്ടിത്തെറിക്കുന്നത് ശ്വാസമടക്കിപ്പിടിച്ചാണ് ലോകം കണ്ടത്. രണ്ടാം പകുതിയിലെ ആറാം മിനിറ്റിലാണ് അത് സംഭവിച്ചത്. ഇംഗ്ലണ്ടിന്റെ ഗോള്‍പോസ്റ്റിനു മുന്‍പില്‍ വച്ച്‌ മറഡോണയും ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടണും ഒന്നിച്ചു ചാടി. ഈ സമയത്ത് മറഡോണയുടെ ഇടം കൈയില്‍ പന്ത് കൊണ്ടു. പന്ത് നേരെ ഗോള്‍ പോസ്റ്റിലേക്ക്. ഹാന്‍ഡ് ബോളെന്ന് ഇംഗ്ലണ്ട് താരങ്ങള്‍ ഒന്നടങ്കം അപ്പീല്‍ ചെയ്തിട്ടും ടുണീഷ്യക്കാരനായ റഫറി അലി ബെന്നസീര്‍ കുലുങ്ങിയില്ല.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് 60 കാരനായ മറഡോണ ലോകത്തോട് വിട പറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. അറുപതാം പിറന്നാള്‍ ആഘോഷിച്ച്‌ ഒരുമാസം തികയും മുന്‍പാണ് മറഡോണയുടെ വിയോഗം. മറഡോണയ്‌ക്ക് അടുത്തിടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുകയും അദ്ദേഹം ആഴ്‌ചകള്‍ക്ക് മുന്‍പ് ഒരു സബ്ഡ്യൂറല്‍ ഹെമറ്റോമയ്ക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. ഇതിനിടയില്‍ അദ്ദേഹം വിഷാദ രോഗത്തിനും അടിമപ്പെട്ടു.