കെഎസ്എഫ്ഇയുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് ചെയർമാൻ ഫിലിപ്പോസ് തോമസ്. എല്ലാബ്രാഞ്ചുകളും വർഷത്തിൽ ഒന്നിലധികം തവണ ഓഡിറ്റിംഗ് ടീമും ധനകാര്യവകുപ്പിന്റെ ഇൻസ്‌പെക്ഷൻ വിംഗും പരിശോധന നടത്താറുണ്ട്. അതിൽ ചൂണ്ടിക്കാണിക്കുന്ന പ്രശ്‌നങ്ങൾ അപ്പപ്പോൾ പരിഹരിക്കാറുണ്ട്. കസ്റ്റമറുടെ കെവൈസി രേഖകൾ വാങ്ങിയാണ് ചിട്ടിയിൽ ആളുകളെ ചേർക്കുന്നത്. പേര് കൊണ്ട് മാത്രം ആർക്കും ചിട്ടിയിൽ ചേരാൻ കഴിയില്ല. അതുകൊണ്ട് ബിനാമി ട്രാൻസാക്ഷൻ കെഎസ്എഫ്ഇയിൽ സാധ്യമല്ലെന്നും ഫിലിപ്പോസ് തോമസ് വ്യക്തമാക്കി.

കെഎസ്എഫ്ഇയുടെ സർപ്ലസ് ആയി വരുന്ന തുക ട്രഷറിയിൽ ആണ് നിക്ഷേപിക്കുന്നത്. സ്വർണപണയ നിക്ഷേപത്തിൽ ആർബിഐ നിർദേശമനുസരിച്ചുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് 3000 കോടി രൂപയുടെ സ്വർണം ഇപ്പോൾ കെഎസ്എഫ്ഇയിൽ ഉണ്ട്.
600 ലേറെ ഉള്ള ബ്രാഞ്ചുകളിൽ എന്തെങ്കിലും അപാകത വന്നിട്ടുണ്ടെങ്കിൽ തിരുത്താൻ ഒരുക്കമാണെന്നും പരിശോധന ഏതെങ്കിലും പരാതിയുടെ പുറത്താണെങ്കിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി വിശതീകരണം നൽകാനും തയാറാണെന്ന് കെ. എസ്എഫ്ഇ ചെയർമാൻ ഫിലിപ്പോസ് പറഞ്ഞു.