തിരുവനന്തപുരം: നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരനെയും മകളെയും എഎസ്‌ഐ അധിക്ഷേപിച്ച സംഭവത്തില്‍ റേഞ്ച് ഡിഐജി ഇന്ന് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും. റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരിദ്ദിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

സംഭവത്തില്‍ അന്വേഷണവും കൂടുതല്‍ നടപടികളും ആവശ്യപ്പെട്ട് പരാതിക്കാരനായ സുദേവന്‍ നെടുമങ്ങാട് ഡിവൈഎസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് നെടുമങ്ങാട് ഡിവൈഎസ്പി അറിയിച്ചു.

കുടുംബപ്രശ്നത്തില്‍ പരാതി നല്‍കാനെത്തിയ സുദേവനെയും മകളെയും കഴിഞ്ഞ വ്യാഴാഴ്ചയാണ് നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഗോപകുമാര്‍ അധിക്ഷേപിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ ഗോപകുമാറിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നു