അടുത്ത വർഷം നടക്കുന്ന ടി-20 ലോകകപ്പ് മുതൽ പന്തെറിഞ്ഞു തുടങ്ങുമെന്ന് ഇന്ത്യൻ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ. പരുക്കിൽ നിന്ന് മുക്തനായി തിരികെ വന്നതിനു ശേഷം അദ്ദേഹം ഇതുവരെ പന്തെറിഞ്ഞിട്ടില്ല. ഐപിഎലിലും ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തിലും സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായാണ് അദ്ദേഹം കളിച്ചത്. പന്തെറിയാൻ പൂർണമായും ഫിറ്റായിട്ടില്ല എന്നാണ് ഹർദ്ദിക്കിൻ്റെ വിശദീകരണം.

“ഞാൻ എൻ്റെ ബൗളിംഗ് മെച്ചപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴിവിൻ്റെ പരമാവധി പുറത്തെടുക്കണമെന്ന് എനിക്കുണ്ട്. രാജ്യാന്തര മത്സരങ്ങളിൽ ആവശ്യമുള്ള വേഗത ഉണ്ടാവേണ്ടതുണ്ട്. ദീർഘകാലത്തേക്കുള്ളതാണ് ഞങ്ങൾ ചിന്തിക്കുന്നത്. എൻ്റെ ബൗളിംഗിന് കൂടുതൽ പ്രാധാന്യം ഉണ്ടാവുന്ന ടി-20 ലോകകപ്പ് പോലെ സുപ്രധാനമായ ടൂർണമെൻ്റുകളെപ്പറ്റിയാണ് ഞങ്ങൾ ചിന്തിക്കുന്നത്.”- പാണ്ഡ്യ പറഞ്ഞു.

ആവശ്യമെങ്കിൽ ഒരു ഓൾറൗണ്ടറെ കണ്ടെത്തേണ്ടതാണെന്നും പാണ്ഡ്യ പറഞ്ഞു. ഇന്ത്യക്കായി കളിച്ചിട്ടുള്ള താരത്തെ മെച്ചപ്പെടുത്തിയെടുക്കാവുന്നതാണ്. അഞ്ച് ബൗളർമാരുമായി കളിക്കുക ബുദ്ധിമുട്ടാണ്. ഏതെങ്കിലും ഒരു ബൗളറുടെ പ്രകടനം മോശമായാൽ ആ റോളിലേക്ക് ആരും ഉണ്ടാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ കൂറ്റൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. 66 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആരോൺ ഫിഞ്ചിൻ്റെയും സ്റ്റീവ് സ്മിത്തിൻ്റെയും സെഞ്ചുറിയുടെ സഹായത്തോടെ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 374 റൺസ് എന്ന കൂറ്റൻ സ്കോറാണ് നേടിയത്. ഓസ്ട്രേലിയ മുന്നോട്ടുവച്ച 375 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 308 റൺസെടുക്കാനേ സാധിച്ചുള്ളൂ കളിയുടെ സമസ്ത മേഖലകളിലും ആധിപത്യം പുലർത്തിയ ഓസ്ട്രേലിയ അർഹിക്കുന്ന ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യക്കായി 90 റൺസ് നേടിയ ഹർദ്ദിക് പാണ്ഡ്യ ടോപ്പ് സ്കോററായി. ശിഖർ ധവാൻ 74 റൺസെടുത്തു. ഓസീസിനായി ആദം സാമ്പ നാലു വിക്കറ്റ് വീഴ്ത്തി.

കൊവിഡ് ഇടവേളയ്ക്ക് ശേഷമുള്ള ഇന്ത്യയുടെ ആദ്യ രാജ്യാന്തര മത്സരമായിരുന്നു ഇത്. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്.