ബ്രിട്ടീഷ് കൊവിഡ് വാക്‌സിൻ നിർമാതാക്കളായ ആസ്ട്ര സനേകയെ ഉത്തര കൊറിയൻ ഹാക്കർമാർ ലക്ഷ്യം വച്ചിരുന്നതായി റിപ്പോർട്ട്. ആസ്ട്ര സനേകയുടെ സംവിധാനങ്ങളിൽ ഹാക്കർമാർ നുഴഞ്ഞു കയറാൻ പദ്ധതി ഇട്ടിരുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചകളിലായിരുന്നു ഹാക്കർമാർ വാക്‌സിൻ നിർമാതാക്കളെ ലക്ഷ്യമിട്ടുള്ള നീക്കം നടത്തിയത്.

മാത്രമല്ല, കൊവിഡ് വാക്‌സിൻ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാർ ഉൾപ്പെടെ വലിയൊരു വിഭാഗം ആളുകളെ ഹാക്കർമാർ ലക്ഷ്യംവെച്ചിരുന്നതായും എന്നാൽ ഇവർക്കു നേരെയുളള ഹാക്കർമാരുടെ ശ്രമം വിജയംകണ്ടില്ലെന്നാണ് നിഗമനം. മാത്രമല്ല, ഹാക്കർമാർ ദക്ഷിണ കൊറിയൻ കമ്പനികളെയും ലക്ഷ്യം വച്ചിരുന്നതായും
ഉത്തര കൊറിയയുടെ ശ്രമം പരാജയപ്പെടുത്തിയതായി ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ ഏജൻസി അറിയിച്ചു.

റഷ്യയുടെയും ഉത്തര കൊറിയയുടെയും സർക്കാരുകൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഹാക്കർമാർ കാനഡ, ഫ്രാൻസ്, ഇന്ത്യ, ദക്ഷിണ കൊറിയ, യു.എസ്. എന്നീ രാജ്യങ്ങളിലെ കൊവിഡ് വാക്‌സിൻ നിർമാണ കമ്പനികളുടെ നെറ്റ്‌വർക്കുകളിൽ കടക്കാൻ ശ്രമിച്ചിരുന്നതായി ഈ മാസം ആദ്യം മൈക്രോ സോഫ്റ്റ് വെളിപ്പെടുത്തിയിരുന്നു.