രാജ്യം ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് എത്തിയെങ്കിലും കൂടുതൽ ആശ്വാസ പദ്ധതികളുടെ പ്രഖ്യാപനം വേണ്ടെന്ന് തീരുമാനിച്ച് കേന്ദ്രസർക്കാർ. കണക്കുകൾ മാന്ദ്യം പറയുമ്പോഴും കാർഷിക മേഖല ശക്തമായി മാറിയതും നിർമ്മാണ മേഖല തിരിച്ച് വരുന്നതും ചൂണ്ടിക്കാട്ടിയാണ് തീരുമാനം. എന്നാൽ അനുകൂല സൂചനകൾ ഉണ്ടെങ്കിലും ആഭ്യന്തര ഉത്പാദനത്തിലെ ഇടിവ് അടുത്ത പാദത്തിൽ മറികടക്കും എന്ന മുൻ വിധി ഇപ്പോഴെ വേണ്ടെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിമർശനം.

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) ജൂലൈ- സെപ്റ്റംബർ കാലയളവിൽ 7.5 ശതമാനം ആണ് ഇടിഞ്ഞത്. ആദ്യപാദത്തിലെ ഇടിവ് 23.9 ആയിരുന്നു. ഇത് 16.5 ശതമാനത്തിന്റെ നേട്ടമായാണ് ധനമന്ത്രാലയം വിവരിക്കുന്നത്. സാമ്പത്തിക മാന്ദ്യം കേവലം സാങ്കേതികം മാത്രമാണെന്നും അടുത്ത പാദത്തിൽ ഇത് ഇല്ലാതാകും എന്നും കേന്ദ്രധനമന്ത്രാലയം പറഞ്ഞു. തുടർച്ചയായി രണ്ട് പാദങ്ങളിലെയും ഇടിവ് രേഖപ്പെടുത്തിയതോടെയാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ മാന്ദ്യത്തെ (ടെക്നിക്കൽ റിസഷൻ) അഭിമുഖീകരിക്കുന്നതായി ഔദ്യോഗികമായി കണക്കാക്കുന്നതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് അംഗീകരിച്ചത്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഈ സാമ്പത്തിക വർഷം ഇതുവരെ ആകെ 8.1 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതായി സ്ഥിതിവിവരം വ്യക്തമാക്കുന്നു. അടുത്ത പാദങ്ങളിൽ ഇത് മറികടന്ന് ജി.ഡി.പി പോസിറ്റിവ് ആകുമോ എന്ന ചോദ്യത്തിന് പക്ഷേ ഒരു മറുപടിയും നൽകാനും ധനമന്ത്രാലയം ഇപ്പോൾ തയ്യാറല്ല