പത്തനംതിട്ട | തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിനെതിരായ കുറ്റവിചാരണയാകുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പത്തനംതിട്ട പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ് പ്രസ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസത്തിനും വിശ്വാസികള്‍ക്കും എതിരായാണ് എല്ലാക്കാലത്തും സിപിഎം നിലപാട് സ്വീകരിച്ചത്. ശബരിമലയ്ക്കു ബജറ്റില്‍ നീക്കിവച്ച പണം പോലും നല്‍കിയില്ല. എന്നാല്‍ ശബരിമലയെ തകര്‍ക്കാന്‍ സിപിഎം ശ്രമിച്ചു. മുഖ്യമന്ത്രി നേരിട്ടെത്തി നടത്തുന്ന മുന്നൊരുക്കം പോലും ഈക്കുറിയുണ്ടായില്ല. അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ മുഖ്യമന്ത്രിക്ക് എത്രകാലം ഒളിപ്പിച്ചു വയ്ക്കാന്‍ കഴിയുമെന്നും മുല്ലപ്പള്ളി ചോദിച്ചു.
സി എം രവീന്ദ്രന്‍ പല രഹസ്യങ്ങളുടെയും കലവറയാണെന്നും യഥാര്‍ത്ഥ രോഗം കണ്ടെത്തണം. രാഷ്ട്രീയ, ഉദ്യോഗസ്ഥ, രാജ്യദ്രോഹ സംഘത്തിന്റെ കണ്ണിയാണ് രവീന്ദ്രനെന്നും കെ പി സി സി പ്രസിഡന്റ് ആരോപിച്ചു. യുഡിഎഫ് നേതാക്കള്‍ക്കെതിരായ കേസുകള്‍ തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടുള്ള സിപിഎം നീക്കമാണ്. ഇതിന് പിന്നില്‍ ഡല്‍ഹിയില്‍ നിന്നുള്ള ഇടപെടലുണ്ട്. ഇത് നരേന്ദ്രമോഡിയുടെ പാത പിന്‍തുടരുന്ന മുഖ്യമന്ത്രിയുടെ നിലപാടാണ്. കോണ്‍ഗ്രസ് നേതാക്കള്‍ അഴിമതിക്കാരാണെന്നു വരുത്തിത്തീര്‍ക്കേണ്ടത് ബിജെപിയുടെയും കൂടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പായാണ് ഇത്തരം കേസുകള്‍ പൊടിതട്ടി പൊക്കികൊണ്ടു വരുന്നതെന്നും ഇത് അധാര്‍മ്മിക നിലപാടാണന്നും അദ്ദേഹം പറഞ്ഞു. സിപിഎം, ബിജെപിയുടെ ബി ടീമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. തൊഴില്‍ നഷ്ടപെട്ട് നാട്ടില്‍ എത്തിയ പ്രവാസികളുടെ പുനരധിവാസ കാര്യത്തില്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. കേരള ബാങ്ക്‌എന്നത് ഭരണ ഘടന വിരുദ്ധമാണന്നും മുല്ലപ്പള്ളി പറഞ്ഞു. കൊവിഡിന്റെ പേരില്‍ മുഖ്യമന്ത്രി ദിവസവും വൈകുന്നേരം നടത്തുന്ന ഗിരിപ്രഭാഷണം തിരഞ്ഞെടുപ്പു ചട്ട ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിനെക്കുറിച്ച്‌ ഒന്നോ രണ്ടോ വാക്ക് പറഞ്ഞശേഷം നടത്തുന്നത് ചട്ട വിരുദ്ധ പ്രഭാഷണമാണ്. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ വിശദീകരണം ചോദിക്കണമെന്നും കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ചരിത്ര വിജയം നേടുമെന്നും കെ പി സി സി പ്രസിഡന്റ് പറഞ്ഞു.