കോൺഗ്രസ് നേതാവ് ടി. സിദ്ധീഖിനെതിരെ എൽഡിഎഫിന്റെ പരാതി. കൊവിഡിന്റെ പേരിൽ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന പരാമർശം നടത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതി. കൊവിഡിനെ രാഷ്ട്രീയമായി ഉപയോഗിച്ച് എൽഡിഎഫ് തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്നായിരുന്നു സിദ്ധീഖിന്റെ വിവാദ പരാമർശം.

കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ടി.സിദ്ധീഖ് നടത്തിയ ഈ പരാമർശമാണ് ഇപ്പോൾ വിവാദമായത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് എൽ.ഡി.എഫിന്റെ തീരുമാനം.

നേരത്തെ മാധ്യമങ്ങളെ കണ്ട ടി.സിദ്ധീഖ് സിപിഐഎമ്മിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തലക്കളത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രചരണത്തിൽ നിന്ന് മാറ്റിനിർത്താൻ ആരോഗ്യപ്രവർത്തകരെ കൂട്ടുപിടിച്ച് സിപിഐഎം വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നായിരുന്നു ആരോപണം. വോട്ടെടുപ്പ് അടുക്കുംതോറും ആരോപണ പ്രത്യാരോപണങ്ങൾ കടുപ്പിക്കുകയാണ് ഇരുമുന്നണികളും.