കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മാസങ്ങളായി തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിന്ന സുവേന്ദു അധികാരി സംസ്ഥാന ഗതാഗത – ജലവിഭവ വകുപ്പ് മന്ത്രിസ്ഥാനം രാജിവെച്ചു. നേരത്തെ സുവേന്ദു സ്വന്തം നിലക്ക് തൃണമൂലിന്റെ കൊടിയോ ബാനറുകളോ ഉപയോഗിക്കാതെ റാലികള്‍ നടത്തുകയും അനുയായികളെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സുവേന്ദുവിന്റെ രാജി. ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചനയുണ്ട്. സുവേന്ദുവിന്റെ പിതാവ് ശിശിര്‍ അധികാരി തൃണമൂല്‍ കോണ്‍ഗ്രസ് എംപിയാണ്. സുവേന്ദു പാര്‍ട്ടി വിട്ടതോടെ അദ്ദേഹത്തിന്റെ പിതാവും സഹോദരങ്ങളടക്കമുള്ളവരും പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2007- 08ല്‍ ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്ന നന്ദിഗ്രാമിനെ തൃണമൂലിന്റെ സ്വാധീന കേന്ദ്രമാക്കി മാറ്റിയതിന് പിന്നില്‍ പ്രധാനിയാണ് സുവേന്ദു. 2011-ല്‍ സുവേന്ദയെ മാറ്റി അഭിഷേക് ബാനര്‍ജിയെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയിരുന്നു. നേതൃനിരയില്‍ സുവേന്ദുവിനെ അവഗണിക്കുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. തൃണമൂലിന്റെ ജനകീയ നേതാക്കളിലൊരാളായ സുവേന്ദു പാര്‍ട്ടി വിട്ടത് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.