കൊച്ചി : കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരായ സ്വപ്നയുടെ ശബ്ദരേഖയേക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി . ക്രൈംബ്രാഞ്ചിന് പണി കൊടുത്ത് ദേശീയ അന്വേഷണ ഏജന്‍സി . കസ്റ്റഡിയിലിരിക്കെ ചോദ്യം ചെയ്യാന്‍ അനുവദിക്കില്ലെന്നും ആവശ്യമെങ്കില്‍ കോടതി അനുമതി വാങ്ങണമെന്നും കാണിച്ച്‌ കസ്റ്റംസ് ജയില്‍ വകുപ്പിന് മറുപടി നല്‍കി. കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതിനാല്‍ കോടതിയെ എങ്ങിനെ സമീപിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് അന്വേഷണ സംഘം.

ഗുരുതര ആരോപണമുള്ള ഈ ശബ്ദരേഖ സ്വപ്നയുടേതാണോയെന്ന് ഉറപ്പിക്കാന്‍ പോലും സാധിച്ചിട്ടില്ല. അതിനായി ജയിലിലുള്ള സ്വപ്നയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് ജയില്‍ വകുപ്പിനും ജയില്‍ വകുപ്പ് കസ്റ്റംസിനും അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സ്വപ്ന ഇപ്പോള്‍ കസ്റ്റഡിയിലായതിനാല്‍ ചോദ്യം ചെയ്യല്‍ അനുവദിക്കില്ലെന്നാണ് കസ്റ്റംസിന്റെ മറുപടി. കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കും. അതിന് ശേഷം ചോദ്യം ചെയ്യണമെങ്കിലും കോടതിയില്‍ നിന്ന് അനുമതി വാങ്ങണമെന്നും കസ്റ്റംസ് നിലപാടെടുത്തു. ഈ കാര്യം ജയില്‍ വകുപ്പ് ക്രൈംബ്രാഞ്ചിനെ അറിയിച്ചു.

ഇനി അവര്‍ തീരുമാനിക്കട്ടേയെന്നാണ് ജയില്‍ വകുപ്പിന്റെ നിലപാട്. പക്ഷെ ക്രൈംബ്രാഞ്ചിന് നിലവില്‍ കോടതിയെ സമീപിക്കാന്‍ നിയമതടസമുണ്ട്. കേസ് എടുക്കാതെ പ്രാഥമിക അന്വേഷണമാണ് നടത്തുന്നത്. കേസിന്റെ ഭാഗമല്ലാതെ ചോദ്യം ചെയ്യല്‍ അനുമതിക്കായി കോടതിയില്‍ അപേക്ഷ നല്‍കാനാവില്ല. ഇതോടെ ഇനി എങ്ങിനെ അന്വേഷണം മുന്നോട്ട് പോകുമെന്നതിലാണ് ആശയക്കുഴപ്പം. ശബ്ദരേഖ പുറത്ത് വന്നപ്പോള്‍ ആദ്യം അന്വേഷിക്കാതിരുന്ന പൊലീസ് ഇ.ഡി കത്ത് നല്‍കിയതോടെയാണ് അന്വേഷണം തുടങ്ങിയത്. ആദ്യം ജയില്‍ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ശബ്ദരേഖ തന്റേതാണെന്ന് ഉറപ്പിക്കാന്‍ സ്വപ്ന തയാറായിരുന്നില്ല.