ന്യൂഡൽഹി ∙ ചെറിയൊരിടവേളയ്ക്കു ശേഷം രാജ്യം വീണ്ടും ശക്തമായ കർഷക പ്രക്ഷോഭത്തിനു സാക്ഷ്യം വഹിക്കുകയാണ്. സെപ്റ്റംബറിൽ പാർലമെന്റ് പാസാക്കിയ വിവാദ കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ‘ചലോ ദില്ലി’ മുദ്രാവാക്യമുയർത്തിയാണ് അയൽസംസ്ഥാനങ്ങളിൽ നിന്ന് കർഷകർ ഡൽഹി ലക്ഷ്യമാക്കി നീങ്ങുന്നത്.

സമാധാനപരമായി രാജ്യതലസ്ഥാനത്തേക്കു യാത്ര പുറപ്പെട്ട ആയിരക്കണക്കിനു കർഷകരെ, അംബാലയിൽ ലാത്തിയും ഗ്രനേഡും ജലപീരങ്കിയുമായാണ് വ്യാഴാഴ്ച ഹരിയാന പൊലീസ് നേരിട്ടത്. ലാത്തിച്ചാർജിൽ ഒട്ടേറെപ്പേർക്കു പരുക്കേറ്റു. നൂറുകണക്കിനുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഹരിയാനയുടെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അംബാലയിൽ പിന്നീടു നിയന്ത്രണങ്ങളിൽ അയവു വരുത്തിയതോടെ യാത്ര പുനരാരംഭിച്ച കർഷകരെ, ഡൽഹി അതിർത്തിയിൽ പ്രകോപനമില്ലാതെ കണ്ണീർവാതക പ്രയോഗവും ജലപീരങ്കിയുമായാണ് പൊലീസ് നേരിട്ടത്. വിവാദ നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കും വരെ സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കർഷകർ ഡൽഹി ലക്ഷ്യമാക്കി നീങ്ങുന്നത്.

പ്രക്ഷോഭത്തിലേക്കു നയിച്ച വിവാദ കർഷക നിയമങ്ങൾ

കർഷകരുമായി ബന്ധപ്പെടുത്തി മൂന്ന് പ്രധാന ബില്ലുകളാണ് സർക്കാർ സെപ്റ്റംബറിൽ പാർലമെന്റിൽ പാസാക്കിയത്. വിലസ്ഥിരതയും കൃഷിസേവനങ്ങളും സംബന്ധിച്ച കർഷകരുടെ (ശാക്തീകരണവും സംരക്ഷണവും) കരാർ ബില്ല്, കാർഷികോത്പന്നങ്ങളുടെ ഉത്‌പാദനം, വ്യാപാരം, വാണിജ്യം (പ്രോത്സാഹനവും സംവിധാനമൊരുക്കലും) ബിൽ, അവശ്യ വസ്തുക്കളുടെ (ഭേദഗതി) ബിൽ എന്നിവ. കാർഷിക ഉൽപന്നങ്ങളുടെ വിൽപനയ്ക്കു മേലുള്ള നിയന്ത്രണങ്ങൾ നീക്കി, കർഷകർക്കു കൂടുതൽ വിപണന സാധ്യതകൾ ലഭ്യമാക്കുമെന്ന അവകാശവാദത്തോടെയാണ് കാർഷിക ഉൽപന്ന വ്യാപാര, വാണിജ്യ ബിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ പാസാക്കിയത്. കാർഷികവൃത്തിയെ ആശ്രയിച്ചു കഴിയുന്ന സംസ്ഥാനങ്ങളെല്ലാം ബില്ലിനെതിരെ നടത്തിയ ശക്തമായ പ്രതിഷേധം വകവയ്ക്കാതെയായിരുന്നു കേന്ദ്രസർക്കാരിന്റെ നീക്കം.

എതിർപ്പിനു കാരണം

∙ കാർഷിക വിളകളുടെ താങ്ങുവില ഇല്ലാതാകും.

∙ സർക്കാർ, ഫുഡ് കോർപറേഷൻ എന്നിവ വഴിയുള്ള വിള സംഭരണം അവസാനിക്കും.

∙ പ്രാദേശികാടിസ്ഥാനത്തിലുള്ള കമ്പോള നിയന്ത്രണങ്ങൾ നീക്കുന്നതോടെ, കുത്തകക്കമ്പനികൾ വിൽപന ശൃംഖല കയ്യേറാൻ വഴിയൊരുങ്ങും.

∙ വിളകളുടെ വില നിയന്ത്രിക്കുന്നതു വഴി, കർഷകർ എന്തു കൃഷി ചെയ്യണമെന്നു വരെ കുത്തകകൾ തീരുമാനിക്കുന്ന സ്ഥിതിയുണ്ടാവും.

ബില്ലുകൾ പാസാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതിനു പിന്നാലെ സെപ്റ്റംബറിൽ പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകർ പ്രക്ഷോഭം ആരംഭിച്ചിരുന്നു.

പ്രക്ഷോഭം കരുത്താർജിച്ചതോടെ, കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സെപ്റ്റംബറിൽ ശിരോമണി അകാലിദൾ നേതാവും കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രിയുമായ ഹർസിമ്രത് കൗർ ബാദൽ കേന്ദ്ര മന്ത്രിസഭയിൽനിന്നു രാജിവച്ചു. പിന്നാലെ ബിജെപിയുമായുള്ള 23 വർഷത്തെ കൂട്ടുകെട്ടിനു തിരശീലയിട്ട് അകാലിദൾ കേന്ദ്ര സർക്കാരിനുള്ള പിന്തുണയും പിൻവലിച്ചു. കർഷകബില്ലുകൾക്കെതിരെ പഞ്ചാബിലും ഹരിയാനയിലും ആഴ്ചകളോളം തുടർന്ന കർഷകസമരം വൈകാതെ അവസാനിപ്പിക്കാൻ കേന്ദ്രസർക്കാരിനു സാധിച്ചു.

എന്നാൽ വിവാദ കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ കർഷകർ വീണ്ടും സമരംമുഖത്തെത്തുകയായിരുന്നു. അതിർത്തി വഴികളെല്ലാം ബാരിക്കേഡും കല്ലും കമ്പിവേലികളും നിരത്തിയും ലാത്തി ചാർജും ഗ്രനേഡും ജലപീരങ്കിയുമൊക്കെയായി കർഷകരെ അടിച്ചമർത്താൻ ഹരിയാന പൊലീസ് ശ്രമിച്ചതോടെ സമരം കൂടുതൽ കരുത്താർജിച്ചു.

ഡൽഹിയി ലക്ഷ്യമാക്കി ഹരിയാന അതിർത്തിയിലെത്തിയ കർഷകരെ തടഞ്ഞ ഹരിയാന സർക്കാരിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് രംഗത്തെത്തി. പിന്നാലെ കേന്ദ്ര സർക്കാരിനെയും ഹരിയാന സർക്കാരിനെ വിമർശിച്ച് ശിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്‍ബീർ സിങ് ബാദലും രംഗത്തെത്തി. പൊലീസ് അടിച്ചമർത്തലിനെ മുംബൈ ഭീകരാക്രമണം നടന്ന ദിനത്തോടാണ് (26/11) സുഖ്‍ബീർ സിങ് ബാദൽ വിശേഷിപ്പിച്ചത്.